തിരുവനന്തപുരം: ഓണം ബമ്പറിന് പിന്നാലെ പൂജാ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ. അഞ്ച് കോടിയിൽ നിന്നും 10 കോടി രൂപയായാണ് സമ്മാനത്തുക ഉയർത്തിയത്. പൂജാ ബമ്പറിന്റെ പ്രകാശനവും നടന്നു.
ഓണം ബമ്പർ നറുക്കെടുപ്പ് ചടങ്ങിലായിരുന്നു പ്രകാശനം. പൂജ ബമ്പറിന്റെ വിൽപ്പന തിങ്കളാഴ്ച മുതൽ ആരംഭിക്കും. സമ്മനത്തുക 25 കോടിയായി ഉയർത്തിക്കൊണ്ടുള്ള ഓണം ബമ്പറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് പൂജ ബമ്പറിന്റെ സമ്മാനത്തുകയും വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. മറ്റ് ബമ്പറുകളുടെയും സമ്മാനത്തുക വർദ്ധിപ്പിക്കുമെന്നാണ് സൂചന.
25 കോടിയുടെ ഓണം ബമ്പറിന്റെ റെക്കോർഡ് വിൽപ്പനയാണ് സംസ്ഥാനത്ത് ഇക്കുറി നടന്നത്. ഓണം ബമ്പർ വിൽപ്പന ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ 10 ലക്ഷം കടന്നത് വലിയ വാർത്തയായിരുന്നു. 65 ലക്ഷം ടിക്കറ്റുകളാണ് ആകെ വിറ്റത്.
അതേസമയം ഓണം ബമ്പറിൽ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിജെ 750605 എന്ന നമ്പറിനാണ് സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ്.
Comments