കോട്ടയം: ഈ വർഷത്തെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കിയ ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു. എന്നാൽ ആരാണ് ആ ഭാഗ്യശാലിയെന്ന വിവരം പൊതു ജനങ്ങളെ അറിയിച്ചിട്ടില്ല. സമ്മാന അർഹമായ ടിക്കറ്റ് പാലാ കാനറാ ബാങ്ക് ശാഖയിലാണ് കൈമാറിയത്.പാലാ സ്വദേശിയ്‌ക്ക് തന്നെയാണ് രണ്ടാം സമ്മാനം ലഭിച്ചതെന്നാണ് ബാങ്ക് നൽകുന്ന വിശദീകരണം.
പേരും മറ്റ് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാനാണ് ടിക്കറ്റ് ഉടമയുടെ നിർദ്ദേശമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുമായി വിജയി ബാങ്കിലെത്തിയത്.കോട്ടയം പാലാ സ്വദേശി പാപ്പച്ചൻ വിറ്റ ടിക്കറ്റിനാണ് 5 കോടിയുടെ രണ്ടാം സമ്മാനം അടിച്ചത്. ഇടപ്പാടി സ്വദേശിയായ ഡ്രൈവർക്കാണ് സമ്മാനം കിട്ടിയതെന്ന് അഭ്യൂഹം പരന്നെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിച്ചിരുന്നു. ഇതോടെ അഞ്ച് കോടി സമ്മാനം നേടിയ ഭാഗ്യവാനായി കാത്തിരിപ്പ് തുടരുന്ന വേളയിലാണ് ഭാഗ്യവാൻ രഹസ്യമായി ബാങ്കിനെ സമീപിച്ചത്.
ഓണം ബംബറിന്റെ ഒന്നാം സമ്മാനമായ 25 കോടി സ്വന്തമാക്കിയത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ ഓട്ടോ ഡ്രൈവർ അനൂപാണ് .പഴവങ്ങാടിയിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം.
Comments