ന്യൂഡൽഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി എംഎൽഎയും പാർട്ടി എംസിഡി തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതവുമായ ദുർഗേഷ് പഥക്കിനെ ചോദ്യം ചെയ്ത് ഇഡി.പത്ത് മണിക്കൂറോളമാണ് പഥക്കിനെ ചോദ്യം ചെയ്തത്. ഡൽഹിയിലെ ഓഫീസിൽ രാവിലെ 11 മണിയോടെയാണ് പഥക് ചോദ്യം ചെയ്യലിനായി എത്തിയത്. രാത്രി 8.40-നാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. എംഎൽഎ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
രജീന്ദർ നഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പഥക്ക്.കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പഥക്കിന്റെ മൊഴി രേഖപ്പെടുത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കേസിലെ പങ്കിനെ കുറിച്ചും കേസിലെ പ്രതിയും ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മേധാവിയുമായ വിജയ് നായരുമായുള്ള ബന്ധത്തെക്കുറിച്ചും ചോദ്യം ചെയ്തതായി ഇഡി അറിയിച്ചു. സെപ്റ്റംബർ ആറിന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളുടെ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
നയം നടപ്പാക്കിയതിലെ ക്രമക്കേടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന ശുപാർശ ചെയ്തതിരുന്നു. തുടർന്ന് ജൂലൈയിൽ കെജ്രിവാൾ സർക്കാർ നയം പിൻവലിച്ചിരുന്നു.
Comments