കണ്ണൂർ: നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവ് എൻ എൻ ഷംസീറിന് കൊട്ടുപാട്ട് സ്വീകരണമൊരുക്കി തലശ്ശേരി മാളിയേക്കൽ കുടുംബം. ഷംസീറിനെ പ്രകീർത്തിക്കുന്ന പാട്ടുമായി, ചുവപ്പ് പരവതാനി വിരിച്ചാണ് കുടുംബാംഗങ്ങൾ സ്വീകരണം ഒരുക്കിയിരിക്കുന്നത്. സ്വീകരണത്തിന് നന്ദി പറഞ്ഞ് ഷംസീർ ഫേസ്ബുക്കിൽ പോസ്റ്റും പങ്ക് വെച്ചിട്ടുണ്ട്.
അതേസമയം, കൊട്ടുപാട്ട് പങ്കുവെച്ച ഷംസീറിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. കഴിഞ്ഞ വർഷം പാർട്ടിയെ വെള്ളം കുടിപ്പിച്ച ‘കാരണഭൂതൻ‘ മെഗാ തിരുവാതിരക്ക് സമാനമായാണ് കൊട്ടുപാട്ടിനെ ചിലർ ചൂണ്ടിക്കാണിക്കുന്നത്. പാർട്ടിയിൽ വ്യക്തിപൂജയും വ്യക്തിഗീതവും പാടില്ലെന്ന കാര്യം ഷംസീറിന് ബാധകമല്ലേയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. ഷംസീറാകട്ടെ, തന്നെ പാടിപ്പുകഴ്‌ത്തുന്നത് ആസ്വദിച്ച് ചിരിക്കുക മാത്രമല്ല, അത് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്ക് വെക്കുക കൂടി ചെയ്തത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിപിഎം നേതാവ് പി ജയരാജനെ നാടിന്റെ നായകനായി ഉയർത്തിക്കാട്ടിയ പാട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പി ജെ ആർമി വ്യാപകമായി പ്രചരിപ്പിച്ചപ്പോൾ, പാർട്ടിയിൽ വ്യക്തി പൂജ പാടില്ലെന്ന നിലപാടുമായി സിപിഎം ഔദ്യോഗികമായി തന്നെ രംഗത്ത് വന്നിരുന്നു. എന്നാൽ, കാരണഭൂതൻ തിരുവാതിരയിൽ പാർട്ടി മൃദുസമീപനം സ്വീകരിക്കുകയായിരുന്നു. ഷംസീറിന്റെ ‘കേരള നാടിതിൽ മാറ്റത്തിൻ മാറ്റൊലി‘യോടുള്ള സിപിഎമ്മിന്റെ പ്രതികരണം എന്താണെന്ന് അറിയാനുള്ള കൗതുകത്തിലാണ് പാർട്ടി അണികൾ.
‘കേരള നാട്ടിലെ സ്പീക്കർ അവർകൾക്ക് സ്വാഗതം നേരുന്നേ, ഷംസീറിന് സ്വാഗതം ഏകുന്നേ..‘ എന്ന് തുടങ്ങുന്ന പാട്ടാണ് ഷംസീറിന്റെ സ്വാഗത ഗീതമായി പ്രത്യേകം എഴുതി അവതരിപ്പിച്ചിരിക്കുന്നത്.
Comments