ന്യൂഡൽഹി : നഗരാസൂത്രണം വികേന്ദ്രീകരിക്കണം എന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. സാറ്റ്‌ലൈറ്റ് ടൗണുകൾ വികസിക്കപ്പെടുന്നതോടെ നഗരങ്ങളുടെ മേലുളള സമ്മർദ്ദം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നടന്ന ബിജെപി മേയർമാരുടെയും ഡെപ്യൂട്ടി മേയർമാരുടെയും കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷത്തെ ബജറ്റിൽ നഗരാസൂത്രണത്തിന് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. നഗരാസൂത്രണം വികേന്ദ്രീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. സംസ്ഥാന തലത്തിൽ നഗരാസൂത്രണം നടത്തണം. എല്ലാം കേന്ദ്രത്തിൽ നിന്ന് തന്നെ ചെയ്യാനാകില്ല. പ്രമുഖ നഗരങ്ങൾക്ക് ചുറ്റും സാറ്റ്‌ലൈറ്റ് ടൗണുകൾ വളർന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം സാറ്റ്‌ലൈറ്റ് ടൗണുകളിൽ വികസനം എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അപ്പോൾ മാത്രമേ നഗരങ്ങളിൽ അനുഭവപ്പെടുന്ന സമ്മർദ്ദം കുറയൂ.
ബിജെപിയിൽ രാജ്യത്തിന് വിശ്വാസമുണ്ട്. ഈ വിശ്വാസം നിലനിർത്താനായി എല്ലാ മേയർമാരും താഴെത്തട്ടിൽ നിന്ന് പ്രവർത്തിക്കണം. ജനങ്ങൾക്ക് മികച്ച സൗകര്യമൊരുക്കേണ്ടതും ജനപ്രതിനിധികളുടെ കടമയാണ്.
ഒരിക്കൽ അഹമ്മദാബാദ് മുൻസിപ്പാലിറ്റിയിൽ അംഗമായിരുന്ന സർദാർ വല്ലഭഭായ് പട്ടേലിനെ അനുസ്മരിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഇന്നും ജനങ്ങൾ ആദരിക്കുന്നുണ്ടെന്ന് പറഞ്ഞു. അഹമ്മദാബാദിലെ മേയറായും പിന്നീട് ഉപപ്രധാനമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മുൻസിപ്പാലിറ്റിയിൽ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾ ഇന്നും ജനങ്ങൾ ആദരവോടെ ഓർക്കുന്നു. അദ്ദേഹത്തിന്റെ പാതയാണ് നാം പിന്തുടരേണ്ടത്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ് എന്ന വാക്യം എല്ലാവരുടെയും മനസിലുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments