ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വിദേശ യാത്ര വിവാദമായ സാഹചര്യത്തിൽ അന്വേഷണവുമായി വ്യോമയാന മന്ത്രാലയം. ജർമനി സന്ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ ഭഗവന്ത് മൻ മദ്യപിച്ചെന്നാണ് ആരോപണം. മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിൽ കയറിയ മുഖ്യമന്ത്രിയെ പുറത്താക്കി എന്ന വിവരങ്ങളും മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. വ്യാേമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇത് വിദേശരാജ്യത്ത് വെച്ച് നടന്ന സംഭവമാണ്. അതുകൊണ്ട് തന്നെ സത്യം കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലുഫ്താൻസ നൽകിയാൽ അന്വേഷണം പെട്ടെന്ന് തന്നെ പൂർത്തിയാക്കാനാകുമെന്നും തനിക്ക ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത് എന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ഫ്രാങ്ക്ഫർട്ടിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിൽ രാജ്യത്തെത്താനിരുന്ന ഭഗവന്ത് മൻ അവസാന നിമിഷം യാത്രയിൽ നിന്ന് പിൻമാറുകയായിരുന്നു. മുഖ്യമന്ത്രിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും അതുകൊണ്ടാണ് വിമാനത്തിൽ കയറാതിരുന്നത് എന്നുമായിരുന്നു വിശദീകരണം.
മദ്യലഹരിയിലായിരുന്ന മന്നിനെ വിമാനത്തിൽ നിന്ന് പുറത്താക്കി എന്ന വിവരങ്ങളും പിന്നാലെ പുറത്തുവന്നു. മാദ്ധ്യമപ്രവർത്തകനാണ് ഈ വിവരം പുറത്തുവിട്ടത്. പ്രതിപക്ഷ പാർട്ടികളും ഇത് ഏറ്റുപിടിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ സംഭവത്തിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments