തിരുവനന്തപുരം : സോണിയ ഗാന്ധിയെ കാണാൻ രാഹുൽ ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് റിപ്പോർട്ട്. ദിവസങ്ങളായി തുടരുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് രാഹുൽ ഡൽഹിയിലേക്ക് മടങ്ങുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് രാഹുൽ പോകാൻ തീരുമാനിച്ചത്. എന്നാൽ രാഹുൽ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു.
രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികൾ ആവശ്യപ്പെടുന്നതിനിടെയാണ് രാഹുൽ ഭാരത് ജോഡോ യാത്രയുമായി കേരളത്തിൽ എത്തിയത്. പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്ന് സോണിയ ഗാന്ധിയും പറഞ്ഞിട്ടുണ്ട്.
രാഹുലിന് മേൽ സമ്മർദ്ദം ശക്തമായതോടെ അധ്യക്ഷ സോണിയ ഗാന്ധി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി അടിയന്തിര ചർച്ച നടത്തുകയുമുണ്ടായി. അദ്ധ്യക്ഷ സ്ഥാനത്തെത്താൻ മറ്റ് നേതാക്കളെ നിർബന്ധിക്കുന്നുണ്ടെങ്കിലും ആരും തയ്യാറാവുന്നില്ലെന്നാണ് വിവരം.
കേരളത്തിൽ നിന്ന് ശശി തരൂർ മത്സരിക്കാനൊരുങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് സംസ്ഥാന നേതാക്കളുടെ പിന്തുണ പോലും ലഭിക്കുന്നില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനം വിട്ടുവരാൻ ഗെഹ്ലോട്ടും തയ്യാറാകുന്നില്ല. ഇതോടെ രാഹുലിന് മേലുള്ള സമ്മർദ്ദം വർദ്ധിക്കുകയാണ്.
അതേസമയം, അശോക് ഗെഹ്ലോട്ട് നാളെ ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി ചർച്ച നടത്തും ചർച്ചയ്‌ക്കുശേഷം ഗെഹ്ലോട്ട് കേരളത്തിലേക്ക് വരും.
Comments