ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇരുമുടിക്കെട്ടേന്തി മറ്റ് രണ്ട് ബാലതാരങ്ങൾക്കൊപ്പം കൈപിടിച്ചു നിൽക്കുന്ന ഉണ്ണിമുകുന്ദന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്.
നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ശശി ശങ്കറിന്റെ മകനാണ് വിഷ്ണു ശങ്കർ.
ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആൽഫി പഞ്ഞിക്കാരൻ എന്നിങ്ങനെ വലിയ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്.
എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ”മാളികപ്പുറം” എന്ന ചിത്രം പറയുന്നത്. ശബരിമലയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം. സംഗീതം, പശ്ചാത്തല സംഗീതം -രഞ്ജിൻ രാജ്, വരികൾ -സന്തോഷ് വർമ്മ, ആർട്ട് -സുരേഷ് കൊല്ലം, മേക്കപ്പ് -ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം -അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി -കനൽ കണ്ണൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Comments