ന്യൂഡൽഹി : 2047 ൽ ഇന്ത്യയുടെ ഭരണം പിടിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയുടെ വിവിധ സംസ്ഥാന കമ്മിറ്റികൾക്ക് വിതരണം ചെയ്ത രഹസ്യ സർക്കുലറാണ് എൻ.ഐ.എ അന്വേഷണത്തിനും സമഗ്രമായ റെയ്ഡിനും കാരണമായ പ്രധാന തെളിവുകളിൽ ഒന്ന് . പട്നയിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഭീകരരിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ ആഭ്യന്തര സർക്കുലർ ലഭിച്ചത്. 2047 ൽ ഇന്ത്യയുടെ ഭരണം പിടിക്കാൻ എന്തൊക്കെ ചെയ്യണമെന്നുള്ള വിവരങ്ങളാണ് സർക്കുലറിലുള്ളത്.
മുസ്ലിങ്ങൾ പോപ്പുലർ ഫ്രണ്ടിന്റെ കീഴിൽ അണിനിരക്കുകയും ആയുധ പരിശീലനം നേടുകയും അതിനൊപ്പം ആയുധങ്ങളും സ്ഫോടക വസ്തുക്കളും വൻ തോതിൽ ശേഖരിക്കുകയും ചെയ്യണം. ഹിന്ദു നേതാക്കളുടേയും ആർ.എസ്.എസ് നേതാക്കളുടേയും വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കണം. എതിർക്കുന്നവരെ കൊന്നൊടുക്കണം. എല്ലാ മേഖലകളിലും നുഴഞ്ഞു കയറണം. സൈന്യത്തിലും ജുഡീഷ്യറിയിലും സർക്കാർ സംവിധാനങ്ങളിലും കയറിപ്പറ്റി കഴിഞ്ഞാൽ ഭരണം പിടിക്കാൻ കഴിയും.
ഇന്ത്യയിലെ പത്ത് ശതമാനം മുസ്ലിങ്ങൾ പോപ്പുലർ ഫ്രണ്ടിനു പിന്നിൽ അണിനിരന്നാൽ ഭീരുക്കളായ ഭൂരിപക്ഷ സമുദായത്തെ കീഴ്പ്പെടുത്തി ഇസ്ലാമിന്റെ പ്രതാപം ഇന്ത്യയിൽ നടപ്പിലാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ആർ.എസ്.എസ് സവർണ സംഘടനയാണെന്ന് ചൂണ്ടിക്കാട്ടി ദലിത് സമുദായങ്ങളെ ആർ.എസ്.എസിൽ നിന്നകറ്റണം. ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യം മറച്ചു വച്ച് ദേശീയ പതാക, ഭരണഘടന, അംബേദ്കർ എന്നിവ നിരന്തരം ഉപയോഗിക്കണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളിൽ ട്രെയിനിംഗ് സെന്ററുകൾ സ്ഥാപിക്കുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കുകയും വേണമെന്ന് സർക്കുലറിൽ നിർദ്ദേശമുണ്ട്. തുർക്കിയുമായി ബന്ധം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ടിനു കഴിഞ്ഞിട്ടുണ്ടെന്നും മറ്റ് ഇസ്ലാമിക രാജ്യങ്ങൾ ഇന്ത്യയുടെ ഭരണം പിടിക്കാൻ സഹായിക്കുമെന്നും സർക്കുലറിൽ പറയുന്നു.
പച്ചയായ രാജ്യവിരുദ്ധത കുത്തി നിറച്ച സർക്കുലർ എല്ലാ സംസ്ഥാനങ്ങളിലേയും ഭാരവാഹികൾക്കും പ്രധാന പ്രവർത്തകർക്കും എത്തിച്ചിരുന്നു. തീവ്രവാദ സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളാണ് ഈ ഗൂഢപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. ഇതനുസരിച്ച് വിവിധ സ്ഥലങ്ങളിൽ രഹസ്യ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ മുസ്ലിം ഭൂരിപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക ഗോഡൗണുകളും പരിശീലന കേന്ദ്രങ്ങളും ബോംബ് നിർമ്മാണ കേന്ദ്രങ്ങളും സ്ഥാപിച്ചതായും സൂചനകളുണ്ട്.
മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ പ്രവർത്തിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ ഗൗരവമായി എടുത്തത്. പാകിസ്താനും തുർക്കിയുമായുള്ള ബന്ധവും ഐഎസ് റിക്രൂട്ട്മെന്റുകളും സമഗ്ര അന്വേഷണത്തിനു കാരണമായി. പോപ്പുലർ ഫ്രണ്ടിന്റെ നിരവധി നേതാക്കൾ ഐഎസിൽ എത്തിയിട്ടുണ്ടെന്ന മലയാളി ഐഎസ് ഭീകരന്റെ ശബ്ദ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. മാത്രമല്ല ഐഎസിൽ എത്തിയ മലയാളികളിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടായിരുന്ന നിരവധി പേരുണ്ടായിരുന്നതും അന്വേഷണം കടുപ്പിക്കാൻ കാരണമായി.
പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളിൽ ഭൂരിഭാഗവും നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകരായിരുന്നവരാണ്. രാജ്യവിരുദ്ധ പ്രവർത്തനത്തെ തുടർന്ന് നിരോധിക്കപ്പെട്ട സിമി മറ്റൊരു പേരിൽ പ്രവർത്തനം ആരംഭിച്ചതാണ് പോപ്പുലർ ഫ്രണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ തീവ്രവാദ പ്രവർത്തനങ്ങളും കൊലപാതകങ്ങളും നിലവിൽ എൻ.ഐ.എ ആണ് അന്വേഷിക്കുന്നത്. റെയ്ഡ് ആ അന്വേഷണത്തിന്റെ ഭാഗമായി കൂടിയാണ്. എന്തായാലും രാജ്യം മുഴുവനും ഒരേ സമയം നടത്തിയ റെയ്ഡുകൾ പോപ്പുലർ ഫ്രണ്ടിനെതിരെ ശക്തമായ നടപടി വരാൻ പോകുന്നുവെന്നതിന്റെ സൂചനയാണ്.
















Comments