ഹൽവ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ്. പല തരത്തിലുള്ള ഹൽവകൾ ഇന്ന് ബേക്കറികളിൽ ലഭിക്കുകയും ചെയ്യും. എന്നാൽ പാചകം ഇഷ്ടപ്പെടുന്നവർക്ക് ഇവ വളരെ എളുപ്പത്തിൽ തന്നെ ഒഴിവു സമയങ്ങളിൽ നമ്മുടെ വീടുകളിൽ തയ്യാറാക്കാവുന്നതാണ്. അത്തരത്തിൽ വേഗത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് പഴം ഹൽവ. ഏത്തപ്പഴം വച്ചാണ് സ്വാദേറിയ പഴം ഹൽവ തയ്യാറാക്കുന്നത്. ഇതിന് ഗോതമ്പുപൊടിയും ശർക്കരയും മാത്രം മതിയാകും.
ഏത്തപ്പഴം ഹൽവ തയ്യാറാക്കുന്നതിന് വേണ്ട ചേരുവകൾ
പഴുത്ത ഏത്തപ്പഴം രണ്ടെണ്ണം
ഗോതമ്പു പൊടി ഒരു കപ്പ്
ശർക്കര ഒരു കഷ്ണം
നെയ്യ് രണ്ടു സ്പൂൺ
ഏലയ്‌ക്കാപൊടി
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം ചെറിയ കഷ്ണങ്ങളാക്കി വെള്ളം ചേർക്കാതെ പേസ്റ്റ് പോലെ അരച്ചെടുക്കുക. ഒരു പാനിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് അതിലേക്ക് കുറച്ച് ബദാമും അണ്ടിപ്പരിപ്പും ചെറിയ കഷ്ണങ്ങളാക്കി ഫ്രൈ ചെയ്ത് എടുക്കുക. ഈ നെയ്യിലേക്ക് ഒരു ചെറിയ കപ്പ് ഗോതമ്പു പൊടി ചേർത്ത് ഒരു മിനിറ്റോളം വറുത്തെടുക്കുക. ഗോതമ്പുപൊടി കളർ മാറുന്ന സമയം അരച്ചെടുത്ത പഴം ഇതിലേക്ക് ചേർത്തുക. ശേഷം ഇവ രണ്ടും നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് ചെറിയ കഷ്ണം ശർക്കര ഉരുക്കിയത് അരിച്ചെടുത്ത് ഒഴിക്കുക.
എല്ലാം വീണ്ടും മിക്‌സ് ചെയ്യുക. അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. പിന്നാലെ കുറച്ച് ഏലയ്‌ക്കാപൊടിയും ഫ്രൈ ചെയ്‌തെടുത്ത ബദാമും അണ്ടിപ്പരിപ്പും ചേർക്കുക. തീ ഓഫ് ആക്കിയ ശേഷം ഒരു പാത്രത്തിൽ നെയ്യോ എണ്ണയോ ബട്ടറോ പുരട്ടി ചൂടോടെ തന്നെ ഈ മിശ്രിതം ഒഴിക്കുക. എല്ലാ ഭാഗത്തേക്കും പ്രസ് ചെയ്ത് യോജിപ്പിക്കുക. ഇതിനു മുകളിൽ കുറച്ച് ബദാമും അണ്ടിപ്പരിപ്പും വിതറുക. എന്നിട്ട് സ്പൂൺ വച്ചിട്ട് പ്രസ് ചെയ്യുക .രണ്ടു മണിക്കൂർ ചൂടാറാൻ മാറ്റിവയ്‌ക്കുക. ശേഷം പ്ലേറ്റിലേക്ക് മാറ്റി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇപ്പോൾ നിങ്ങളുടെ സ്വദേറിയ ഹൽവ തയ്യാറായിരിക്കുകയാണ്.
Comments