കണ്ണൂർ: ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് നടത്തുന്ന അക്രമങ്ങളെ തള്ളിപ്പറഞ്ഞ് സിപിഎം നേതാവ് എം.വി.ജയരാജൻ. പോപ്പുലർ ഫ്രണ്ട് പോപ്പുലർ ആകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അക്രമം അവരുടെ കുല തൊഴിലാണെന്നും കൊലപാതക രാഷ്‌ട്രീയം പോപ്പുലർ ഫ്രണ്ടുകാരുടെ പ്രവർത്തന പരിപാടിയാണെന്നും ജയരാജൻ പറഞ്ഞു.
തീവ്രവാദ പ്രവർത്തനം നടത്തുന്നതു കൊണ്ടാണ് ദേശീയ അന്വേഷണ ഏജൻസി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് നടത്തിയതും നേതാക്കളെ അറസ്റ്റ് ചെയ്തതും. ഇതേ രീതിയിൽ തന്നെ പോപ്പുലർ ഫ്രണ്ടുകാർ പോകുകയാണെങ്കിൽ ന്യൂനപക്ഷവും മുസ്ലീം സമുദായവും അവരെ ഒറ്റപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടുകാരെ സംരക്ഷിക്കുന്നത് മുസ്ലീം ലീഗ് ആണെന്നും അദ്ദേഹം ആരോപിച്ചു.
എന്തിന്റെ പേരിലാണ് പോപ്പുലർ ഫ്രണ്ടുകാർ ഹർത്താൽ നടത്തുന്നത്. നിയമ ലംഘനവും അക്രമവും നടത്തുന്നതിനാലാണ് അവരെ അറസ്റ്റു ചെയ്തത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജൻസി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ അറസ്റ്റും റെയ്ഡും നടത്തിയതെന്നും ജയരാജൻ വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനമാണ് പോപ്പുലർ ഫ്രണ്ടുകാർ നടത്തുന്നതെന്നും ഹർത്താൽ ജനവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments