തൃശൂർ: ധീരദേശാഭിമാനി വീർ സവർക്കറെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീർ സവർക്കർ ധീരദേശാഭിമാനിയല്ലെന്നും വഞ്ചകനാണെന്നും മുഖ്യമന്ത്രി അധിക്ഷേപിച്ചു. ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.അഴീക്കോടൻ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനപ്രസംഗത്തിലാണ് പിണറായി വിജയന്റെ ഈ വിവാദ പരമാർശം.
സവർക്കർ ആൻഡമാൻ ജയിലിൽ എത്തിപ്പെടേണ്ട താമസം. ഉടൻ എങ്ങനെ പുറത്ത് ഇറങ്ങണമെന്നായി. അതിനൊരു വഴിയേയുള്ളൂ. ബ്രിട്ടീഷുകാർക്കെതിരെ എതിരായി ഒരു കാര്യവും ഇനി ചെയ്യില്ല. ഇനി അങ്ങോട്ട് ബ്രിട്ടീഷ് ഭരണകൂടത്തിന് അനുകൂലമായ നിലപാട് മാത്രമേ സ്വീകരിക്കൂ, എന്നെല്ലാം മാപ്പ് എഴുതി കൊടുത്ത് പുറത്തുവന്നു. അത്തരമാളുകളെ ധീരദേശാഭിമാനിയെന്ന് അല്ല വിളിക്കുക. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വഞ്ചിച്ച കൂട്ടത്തിൽ മാത്രമേ ഇത്തരമാളുകളെ ഉൾപ്പെടുത്താൻ കഴിയൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത ആർഎസ്എസിന്റെയും ബിജെപിയുടെയും ആളുകൾ ഇപ്പോൾ സവർക്കറെ ധീരദേശാഭിമാനിയായി ചിത്രീകരിക്കുകയാണെന്ന് പിണറായി വിജയൻ അധിക്ഷേപിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചരണബാനറിൽ സവർക്കറുടെ ഫോട്ടോ ഉൾപ്പെടുത്തിയതിനെയും മുഖ്യമന്ത്രി വിമർശിച്ചു. ആർഎസ്എസും ബിജെപിയും ഉയർത്തുന്ന പ്രചരണത്തിലാണ് കോൺഗ്രസ് മനസ് എന്നാണ് സംഭവത്തെ കാണിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യസമര ദേശാഭിമാനികളുടെ പട്ടികയിൽ സവർക്കറെ ചേർക്കാൻ കോൺഗ്രസ് മനസ് ആലുവയിൽ തയ്യാറായതെന്നും അതിൽ ആശ്ചര്യം വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വർഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വേണമെങ്കിൽ ബിജെപിയിൽ പോകുമെന്ന് ഒരു സംസ്ഥാന അധ്യക്ഷൻ പറഞ്ഞാൽ എന്താണ് അർത്ഥമെന്നും ഇതാണ് കോൺഗ്രസിന്റെ മനസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതു ഗവൺമെന്റിനെ താഴെയിടാൻ രാജ്യത്തെ വലതുപക്ഷം ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നു കൂട.അതിന് സംസ്ഥാനത്തെ കരുത്തുള്ള പാർട്ടികൾക്ക് നിർണായക തീരുമാനമെടുക്കാമെന്ന് പിണറായി വ്യക്തമാക്കി.
Comments