ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ പ്രൊഫഷൽ ടെന്നീസിൽ നിന്ന് വിരമിച്ചു. ലേവർകപ്പ് ടെന്നീസിൽ തോൽവിയോടെയാണ് അദ്ദേഹത്തിന്റെ മടക്കം. 24 വർഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്. ജാക്‌സോക്-ഫാൻസസ് തിയാഫോ സഖ്യമാണ് ഫെഡറർ-നദാൽ സഖ്യത്തെ തോൽപ്പിച്ചത്. സ്‌കോർ 4-7, 6-7, 9-11. ടീം യൂറോപ്പ് എന്ന പേരിലാണ് ഫെഡറർ-നദാൽ സഖ്യം മത്സരത്തിനിറങ്ങിയത്. ടീം വേൾഡ് എന്ന പേരിലാണ് ജാക്‌സോക്-ഫാൻസസ് തിയോഫോ സഖ്യം ഇറങ്ങിയത്. കരിയറിലെ തന്റെ അവസാന മത്സരമായിരിക്കും ഇതെന്ന പ്രഖ്യാപനം ഫെഡറർ നേരത്തെ നടത്തിയിരുന്നു.
നാൽപത്തിയൊന്നുകാരനായ ഫെഡറർ 20 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടണ്ട്. കരിയറിൽ ഇതുവരെ 103 കിരീടങ്ങൾ സ്വന്തമാക്കി. മൂന്ന് വർഷത്തിലധികമായി തുടരുന്ന പരിക്കാണ് വിരമിക്കാൻ കാരണമെന്ന് ഫെഡറർ വ്യക്തമാക്കിയിരുന്നു. 1998ൽ വിമ്പിൾഡർ ജൂനിയർ കിരീടം നേടിക്കൊണ്ടാണ് ഫെഡറർ കളിക്കളത്തിലേക്കുള്ള തന്റെ വരവറിയിച്ചത്. പിന്നീട് അവിടെ നിന്ന് മാത്രം നേടിയത് എട്ട് കിരീടങ്ങളാണ്.
അഞ്ച് യുഎസ് ഓപ്പൺ, ആറ് ഓസ്‌ട്രേലിയൻ ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ എന്നിവയും ഫെഡറർ നേടി. പുരുഷ ടെന്നീസിൽ ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണത്തിൽ നൊവാക് ജോക്കോവിച്ച് (21) റഫേൽ നദാൽ (22) എന്നിവർ മാത്രമാണ് ഫെഡറർക്ക് മുന്നിലുള്ളത്. തുടർച്ചയായി 237 ആഴ്ച ലോകറാങ്കിങ്ങിൽ ഒന്നാമനമായി തുടർന്നുവെന്ന റെക്കോർഡും ഫെഡററുടെ പേരിലുണ്ട്.
Comments