ന്യൂഡൽഹി: പാക് ഭീകരതയ്‌ക്ക് പിന്തുണ നൽകി ചൈന. ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് രാജ്യത്തെ പരോക്ഷമായി ചൈന എതിർക്കുന്നത്. പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവായ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ ഇന്ത്യ ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ നീക്കം ചൈന തടഞ്ഞിരുന്നു.
ജൂണിനു ശേഷം ഇതു മൂന്നാം തവണയാണു പാക്ക് ഭീകരരെ വിലക്കുപട്ടികയിലാക്കാനുളള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങൾ ചൈന തടയുന്നത്. എന്നാൽ ഇതിന് ശേഷം ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഭീകരതയെ ചെറുക്കാനുള്ള പ്രസ്താവനയിൽ ഇന്ത്യയ്‌ക്കൊപ്പം ചൈനയും ഒപ്പുവെച്ചിരുന്നു.
2008 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതികളിലൊരാളാണ് സാജിദ് മിർ. ഭീകരർക്കു സാമ്പത്തിക സഹായം നൽകിയതിന്റെ പേരിൽ രാജ്യാന്തര സാമ്പത്തിക നിരീക്ഷകരായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് പാകിസ്താന് ഏർപ്പെടുത്തിയ ഉപരോധം നീക്കാനായി ആഴ്ചകൾക്ക് മുൻപ് ഇയാളെ 15 വർഷത്തേയ്‌ക്ക് തടവിന് ശിക്ഷിച്ചു. ഭീകരർക്കെതിരെ ശക്തമായ നടപടി വേണമെന്ന എഫ്എടിഎഫിന്റെ നിബന്ധന പാലിക്കാനായിരുന്നു ഇത്. എന്നാൽ ഇയാൾ മരിച്ചെന്നാണ് പാകിസ്താൻ അടുത്തിടെ വരെ പറഞ്ഞിരുന്നത്.
കഴിഞ്ഞ മാസം പാക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ അബ്ദുൽ റഊഫ് അസ്ഹർ, ജൂണിൽ അബ്ദുൽ റഹ്മാൻ മക്കി എന്നിവരെ ആഗോളഭീകരരായി പ്രഖ്യാപിക്കാനുള്ള നീക്കവും രക്ഷാസമിതിയിൽ ചൈന തടഞ്ഞിരുന്നു. ലഡാക്കിൽ തന്ത്ര പ്രധാനമായ മേഖലകളിൽ നിന്ന് പിൻമാറുന്നതിലും ചൈന മെല്ലെപോക്ക് തുടരുകയാണ്.
















Comments