ടെഹ്റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധപ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത് 50 ലധികം പേർ.പ്രതിഷേധക്കാർക്ക് നേരെ ഇറാനിയൻ സുരക്ഷാസേന നടത്തിയ അടിച്ചമർത്തലിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്.ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടർന്ന് മതമൗലികവാദികൾ കൊലപ്പെടുത്തിയ 22 കാരിയായ അഹ്‌സ അമിനിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിച്ചവരാണ് സുരക്ഷാസേനയുടെ തോക്കിനിരയായത്.
വടക്കൻ ഗിലാൻ പ്രവിശ്യയിലെ റെസ്വൻഷൻ നഗരത്തിൽ സുരക്ഷാസേന കഴിഞ്ഞ ദിവസം രാത്രി നടത്തിയ വെടിവെയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.പിന്നാലെ നിരവധി ഏറ്റുമുട്ടലുകൾ നടക്കുകയും മരണസംഖ്യ കുത്തനെ ഉയരുകയുമായിരുന്നു.
പ്രതിഷേധത്തെ തുടർന്ന് ഇത്രയധികം പേർ മരിച്ചതോടെ ഇതിനെതിരെ ഐക്യരാഷ്‌ട്രസഭ രംഗത്തെത്തി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ അനാവശ്യബലപ്രയോഗം നടത്തരുതെന്നും അനുചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് ഇറാനിയൻ സുരക്ഷാസേന വിട്ടു നിൽക്കണമെന്നും ഐക്യരാഷ്‌ട്രസഭ അഭ്യർത്ഥിച്ചു.
പ്രതിഷേധങ്ങൾക്കെതിരെയുള്ള അനാവശ്യബലപ്രയോഗങ്ങൾ ഡസൻ കണക്കിന് മരണങ്ങൾക്ക് കാരണമാകുന്നതിൽ ആശങ്കയുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ വ്യക്തമാക്കി.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും, സമാധാനപരമായ കൂടിച്ചേരലിനും, കൂട്ടായ്മയ്‌ക്കുമുള്ള, അവകാശത്തെ മാനിക്കാൻ ഞങ്ങൾ അധികാരികളോട് ആവശ്യപ്പെടുന്നുവെന്ന് യുഎൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചയാണ് അഹ്‌സ അമിനിയെ മതമൗലികവാദികൾ കൊലപ്പെടുത്തത്. മുഖം ശരിയായി മറച്ചില്ലെന്ന പേരിൽ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ടെഹ്‌റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദത്തിലെത്തിച്ച് ക്രൂരമർദ്ദനത്തിനിരയാക്കുകയായിരുന്നു.
ഇതിന് പിന്നാലെ വനിതകൾ ഹിജാബ് വിരുദ്ധപോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ പരസ്യമായി ഹിജാബ് വലിച്ചെറിഞ്ഞും മുടിമുറിച്ചുമാണ് അവർ പ്രതിഷേധിച്ചത്.ടെഹ്റാൻ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുംതെരുവിലിറങ്ങിയിരുന്നു. ഹിജാബിനെതിരെ നിരവധി സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് ഇറാനിയൻ സുരക്ഷാ സേന തോക്കുമായി പ്രതിരോധിക്കാനിറങ്ങിയത്.
















Comments