മുംബൈ: പാകിസ്താൻ സിന്ദാബാദ് പോലെയുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. ദേശവിരുദ്ധ ശക്തികളെ എത്രയും വേഗം അമർച്ച ചെയ്യണമെന്ന് രാജ് താക്കറെ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിനെതിരെ പൂനെയിൽ നടന്ന പ്രകടനത്തിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു രാജ് താക്കറെ.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് നടത്തിയ എൻ ഐ എ നിരവധി പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. ഇത് ഗുരുതരമായ വിഷയമാണ്. പോപ്പുലർ ഫ്രണ്ടിന്റെ ദേശവിരുദ്ധത ഇതിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. രാജ് താക്കറെ ട്വീറ്റ് ചെയ്തു.
അറസ്റ്റുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ വർഗീയ മുദ്രാവാക്യങ്ങൾ വിളിക്കുന്നു. അവർ പാകിസ്താന് ജയാരവം മുഴക്കുന്നു. ഇതാണ് ഇവരുടെ മാനസികാവസ്ഥയെങ്കിൽ ഇവർ മതവും എടുത്തോണ്ട് പാകിസ്താനിലേക്ക് പോകട്ടെ. ഇത്തരം പ്രവണതകൾ രാജ്യത്ത് തുടരാൻ അനുവദിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായോടും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനോടും രാജ് താക്കറെ അഭ്യർത്ഥിച്ചു.
പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിനെതിരെ ചിലർ മഹാരാഷ്‌ട്രയിൽ സിബിഐക്കും ഇഡിക്കുമെതിരെ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം ചിലർ മുഴക്കിയിരുന്നു.
അതേസമയം, ഛത്രപതി ശിവാജിയുടെ മണ്ണിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ‘പാകിസ്താൻ സിന്ദാബാദ്‘ മുദ്രാവാക്യം വിളിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇരുവരും പോലീസിന് നിർദ്ദേശം നൽകി.
















Comments