ഭോപാൽ: ക്ലാസ്സ് മുറിയിൽ വെച്ച് പത്ത് വയസ്സുകാരിയുടെ വസ്ത്രമഴിപ്പിച്ച അദ്ധ്യാപകന് സസ്‌പെൻഷൻ. ഷഹ്‌ദോൾ ജില്ലയിലെ ആദിവാസി ക്ഷേമ വകുപ്പിന് കീഴിലുള്ള സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം.പരാതി ഉയർന്നതിനെ തുടർന്ന് അദ്ധ്യാപകനായ ശ്രാവൺ കുമാർ ത്രിപാഠിയെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ അധികൃതർ അറിയിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി എടുത്തത്.
യൂണിഫോമിന് വൃത്തിയില്ലെന്ന കാരണത്തിലാണ് വിദ്യാർത്ഥിനിയെ അടി വസ്ത്രത്തിൽ മാത്രം നിർത്തിയത്. വസ്ത്രം മുഷിഞ്ഞതാണെന്ന കാരണത്താൽ അഴിച്ചുമാറ്റി ത്രിപാഠി കഴുകി നൽകുന്നതിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. മറ്റ് കുട്ടികളും സമീപത്ത് നിൽക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴുകിയ യൂണിഫോം ഉണങ്ങുന്നത് വരെ ഏകദേശം രണ്ട് മണിക്കൂറോളം കുട്ടി വസ്ത്രമില്ലാതെ ഇരുന്നതായി മറ്റ് കുട്ടികൾ പറഞ്ഞു.
സംഭവത്തിന്റെ ചിത്രങ്ങൾ ശുചിത്വ സന്നദ്ധ പ്രവർത്തകൻ എന്ന അടിക്കുറിപ്പോടെ ആദിവാസി ക്ഷേമ വകുപ്പിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. വിവാദമായതോടെയാണ് ആദിവാസി ക്ഷേമ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ആനന്ദ് റായ് ത്രിപാഠിയെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചത്.
Comments