പത്തനംതിട്ട: തർക്കത്തിൽ മദ്ധ്യസ്ഥതയ്ക്കെത്തിയ പോലീസുകാരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും മർദ്ദിച്ചതായി പരാതി. എടത്തറ ബ്രാഞ്ച് സെക്രട്ടറി രാജീവിനെതിരെയാണ് പരാതി. കൂടൽ സ്റ്റേഷനിലെ ഷാഫി,അരുൺ എന്നീ പോലീസുകാരെയാണ് രാജീവ് മർദ്ദിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ദുബായിൽ നിന്നെത്തിയ യുവാവിനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പോയ സംഘത്തിന് നേരെയാണ് രാജീവനും കൂട്ടരും അപമര്യാദയായി പെരുമാറിയത്. മുറിഞ്ഞകൽ സ്വദേശിയായ വീട്ടമ്മയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.
എടത്തറ ഭാഗത്ത് എത്തിയപ്പോൾ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാർ വേഗത്തിൽ റോഡിലേക്ക് റിവേഴ്സ് എടുത്തു. ഇതോടെ വീട്ടമ്മയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ ഹോണടിച്ചു. എന്നാൽ ഇത് മറ്റൊരു കാറിലുണ്ടായിരുന്ന രാജീവിനും കൂട്ടർക്കും ഇഷ്ടമായില്ല. ഹോണടിച്ചതിനെ ഇവർ ചോദ്യംചെയ്യുകയും തർക്കമുണ്ടാവുകയുമായിരുന്നു. പിന്നീട് ഡ്രൈവറെ മർദ്ദിച്ചതോടെ കുടുംബവും നാട്ടുകാരും പോലീസിലറിയിക്കുകയായിരുന്നു.
എന്നാൽ സ്ഥലത്തെത്തിയ പോലീസിന് നേരെയും രാജീവ് തിരിഞ്ഞു. പോലീസുകാരെ കൈയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയുമായിരുന്നു. അതേസമയം പോലീസുകാർ തന്നെ മർദ്ദിച്ചതായി അദ്ദേഹം ആരോപിച്ചു.
Comments