നവരാത്രി വ്രതം എടുക്കാൻ ഒരുങ്ങുകയാണോ ? ഈ കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ വ്രതകാലം ആരോഗ്യപൂർണ്ണമാക്കാം

Published by
Janam Web Desk

കന്നി മാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിവസമാണ് നവരാത്രി ആരംഭിക്കുന്നത്. ഉപവാസവും ഭക്തിയും കൊണ്ട് നവരാത്രി കാലം ഒരേസമയം ഭക്തർക്ക് പുണ്യം നൽകുന്ന ഐശ്വര്യപൂർണ്ണമായ ഉത്സവമാണ് നവരാത്രി. ഭക്തർ ഒമ്പത് ദിവസങ്ങളിലായി ദുർഗാ ദേവിയുടെ ഒമ്പത് വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്നു. വ്രതാനുഷ്ഠാനത്തിന് ഏറെ പ്രധാനപ്പെട്ടതാണ് ഈ ഒമ്പത് ദിവസം.

പ്രഥമ മുതൽ ഒമ്പത് ദിവസങ്ങളിലാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. നവരാത്രിയിൽ ദുർഗാ പൂജയും കുമാരീ പൂജയും നടത്തുന്നു. രണ്ട് മുതൽ പത്ത് വയസ്സ് വരെയുള്ള ബാലികമാരെ ദിവസക്രമത്തിൽ ദേവിയായി സങ്കൽപ്പിച്ച് പൂജിക്കുന്നു. രണ്ടു വയസ്സുള്ള ബാലികയെ ആദ്യ ദിനം കുമാരി എന്ന സങ്കൽപ്പത്തിൽ പൂജിക്കുന്നു. തുടർന്ന് ത്രിമൂർത്തി, കല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശാംഭവി, ദുർഗ, സുഭദ്ര എന്ന ക്രമത്തിൽ മൂപ്പുമുറ അനുസരിച്ച് ബാലികമാരെ ദേവിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നു.

വ്രത ദിവസങ്ങളിൽ ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കണം. കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ദേവീക്ഷേത്ര ദർശനനം നടത്തുകയോ ദേവീ കീർത്തനങ്ങൾ പാരായണം ചെയ്യുകയോ ചെയ്ത ശേഷം മാത്രമേ ജലപാനം പാടുള്ളൂ. വ്രതാനുഷ്ഠാന വേളയിൽ അരിയാഹാരം ഒരു നേരം മാത്രമേ പാടുള്ളൂ.ഒരുനേരം പാൽ, ഫലവർഗങ്ങൾ എന്നിവ കഴിക്കാവുന്നതാണ്. വാക്കും ശരീരവും മനസ്സും പ്രവൃത്തിയും ശുദ്ധമായിരിക്കണം.എല്ലാദിവസവും ക്ഷേത്രദർശനം നടത്താൻ ആകുമെങ്കിൽ വളരെ ഉത്തമമാണ്. എല്ലാ കർമങ്ങളും ദേവീ സ്മരണയോടെ ആകണം. ബ്രഹ്മചര്യം നിർബന്ധമാണ്. മത്സ്യ മാംസാദികളും ലഹരി വസ്തുക്കളും നിർബന്ധമായും വർജിക്കണം.

ആദ്യത്തെ മൂന്ന് ദിവസം പാർവ്വതി ദേവിയായും പിന്നീടുള്ള മൂന്ന് ദിവസം ലക്ഷ്മി ദേവിയായും അടുത്ത മൂന്ന് ദിവസം സരസ്വതി ദേവിയായും ദേവിയെ ആരാധിക്കുന്നു. കേരളത്തിൽ ഒടുവിലത്തെ മൂന്ന് ദിവസമാണ് പ്രധാനമായും ആഘോഷിക്കുന്നത്. ഭൂരിഭാഗം ആളുകളും അഷ്ടമി, നവമി, ദശമി എന്നീ ദിനങ്ങളിൽ മാത്രം വ്രതമനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. അഷ്ടമിയിൽ പൂജ വെയ്പ്പും നവമിയിൽ ആയുധ പൂജയും വിജയദശമിയിൽ വിദ്യാരംഭവുമാണ്. അവസാന മൂന്ന് ദിവസങ്ങളിൽ മാത്രമായും വ്രതം അനുഷ്ഠിക്കാവുന്നതാണ്. വ്രതാനുഷ്ഠാനത്തിൽ ഒഴിച്ചുകൂടാനാകത്ത ഒന്നാണ് ദേവീ പരായണം. ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം,ലളിതാ ത്രിശതീ സ്‌തോത്രം,സൗന്ദര്യ ലഹരി മുതലായവ പാരായണം ചെയ്യുന്നത് വളരെ ഉത്തമമാണ്.

വ്രതകാലം ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലർ വെള്ളം മാത്രം കുടിക്കം. മറ്റു ചിലർ നിർദ്ദിഷ്ട ആഹാരം മാത്രം കഴിക്കും. വ്രതം അനുഷ്ഠിക്കുമ്പോൾ പട്ടിണി കിടക്കുന്നത് ഉത്തമമല്ല. ഇടവേളകളിൽ ലഘുഭക്ഷണങ്ങൾ കഴിക്കണം. ധാരാളം വെള്ളം കുടിക്കുകയും വേണം. തലകറക്കം, തലവേദന എന്നി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.വ്യായമം ചെയ്യുന്നത് രക്തചംക്രമണം വർദ്ധിപ്പിക്കാൻ സാധിക്കും. ഉള്ളി, വെളുത്തുള്ളി, ഗോതമ്പ് മാവ്, അരി എന്നിവ ഉപയോഗിക്കരുത്. ചൂട് ഉൽപാദിപ്പിക്കുന്ന ഭക്ഷണങ്ങളായ കടുക് എണ്ണ, എള്ളെണ്ണ എന്നിവയും ഒഴിവാക്കണം.

Share
Leave a Comment