ന്യൂഡൽഹി/തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. കേസിലെ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു മോൻസന് ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി അറിയിച്ചത്. ഇതോടെ മോൻസൺ സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ചു.
ജീവനക്കാരിയുടെ മകളെ വിദ്യാഭ്യാസ സഹായ വാഗ്ദാനം നൽകി ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് മോൻസന് എതിരായ കേസ്. എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്നും, തനിക്കെതിരെ ഉന്നത തലത്തിൽ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മോൻസൻ സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യങ്ങൾ ഇയാൾ കോടതിയിൽ ആവർത്തിക്കുകയും ചെയ്തു. എന്നാൽ കേസിലെ ആരോപണങ്ങൾ ഗൗരവമുള്ളതാമെന്ന് വിലയിരുത്തിയ കോടതി ജാമ്യം നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
പോക്‌സോ കേസിൽ ജാമ്യം ആവശ്യപ്പെട്ട് മോൻസൻ മാവുങ്കൽ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജാമ്യത്തിനായി മോൻസൻ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പോക്‌സോ ഉൾപ്പെടെ 3 പീഡന പരാതികളാണ് മോൻസനെതിരെയുള്ളത്. 2018 മുതൽ പ്രതി പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
















Comments