മുംബൈ: ഇന്ത്യയിലെ സാധാരണക്കാരനെ പോലും 2ജിയിൽ നിന്നും 4ജിയിലേക്ക് എത്തിച്ച റിലയൻസ് ജിയോ, 5ജി രംഗത്ത് ചരിത്രപരമായ കുതിപ്പിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനാണ് ജിയോ തയ്യാറെടുക്കുന്നത്. ടെക് ഭീമൻ ഗൂഗിളുമായി കൈകോർത്താണ് ജിയോ 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്.
സൗജന്യ 4ജി സിം കാർഡുകളിലൂടെയും പരിധിയില്ലാത്ത സൗജന്യ 4ജി സേവനത്തിലൂടെയും ഏറ്റവും വില കുറഞ്ഞ 4ജി ഫീച്ചർ ഫോണുകളിലൂടെയും ഇന്ത്യൻ വിപണിയിൽ ഡേറ്റ വിപ്ലവം സൃഷ്ടിച്ച കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. തുടർന്ന് ക്വെർട്ടി കീപാഡോട് കൂടിയ ജിയോ ഫോൺ 2, ഗൂഗിളുമായി ചേർന്ന് ജിയോ ഫോൺ നെക്സ്റ്റ് എന്ന പേരിൽ സ്മാർട്ട്ഫോൺ, എന്നിവ പുറത്തിറക്കിയിരുന്നുവെങ്കിലും അവ കാര്യമായ വിജയമായിരുന്നില്ല.
എന്നാൽ, 5ജി ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് സ്പെക്ട്രം സ്വന്തമാക്കിയ ജിയോ, ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനമായി മെട്രോ നഗരങ്ങളിൽ സേവനം അരംഭിക്കാൻ ഒരുങ്ങുകയാണ്. 2023 ഡിസംബറോടെ, പ്രധാന നഗരങ്ങളിലെല്ലാം 5ജി സേവനം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, കമ്പനിയുടെ 2022 വാർഷിക പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.
2024ലായിരിക്കും ജിയോ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ ഇറക്കുക എന്നാണ് വിവരം. 8000 രൂപയ്ക്കും 12,000 രൂപയ്ക്കും ഇടയിൽ, ഗുണമേന്മയുള്ള ഫോണുകൾ ലഭ്യമാക്കാനാകും ജിയോയുടെ ശ്രമമെന്നാണ് ടെക് രംഗത്ത് നിന്നുമുള്ള റിപ്പോർട്ടുകൾ.
Comments