ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുത്ത അനുയായി വിജയ് നായർ അറസ്റ്റിലായി. സിബിഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആം ആദ്മി നേതാക്കൾ ഉൾപ്പെട്ട മദ്യനയ കുംഭകോണ കേസിൽ സിബിഐ തയ്യാറാക്കിയ എഫ് ഐ ആറിൽ ഉൾപ്പെട്ട 15 പേരിൽ മനീഷ് സിസോദിയക്കൊപ്പം വിജയ് നായരുടെ പേരും ഉണ്ടായിരുന്നു.
2021-22 കാലഘട്ടത്തിൽ ഡൽഹിയിലെ വിവാദ മദ്യനയം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ വിജയ് നായർക്ക് സുപ്രധാന പങ്കുള്ളതായി സിബിഐ എഫ് ഐ ആറിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ വിജയ് നായർ നിഷേധിച്ചിരുന്നു.
ആം ആദ്മി പാർട്ടിയുടെ വാർത്താവിതരണ വിഭാഗം മേധാവിയാണ് വിജയ് നായർ. നിലവിൽ ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചുമതലയും ഉണ്ടായിരുന്നു. അറസ്റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നുമാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.
ഡൽഹിയിലെ പുതിയ എക്സൈസ് നയവുമായി ബന്ധപ്പെട്ട് ജൂലൈയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ നവംബറിൽ നിലവിൽ വന്ന എക്സൈസ് നയം, സിബിഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആം ആദ്മി പാർട്ടി സർക്കാർ പിൻവലിച്ചിരുന്നു.
Comments