ചെന്നൈ : പുതിയ സിനിമകളുടെ റിലീസിന് മുന്നോടിയായി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പോസ്റ്റർ അടിക്കുകയും മാലയിടുകയും ചെയ്യുന്ന രീതിയാണ് ദക്ഷിണേന്ത്യയിൽ കൂടുതലായും കണ്ടുവരുന്നത്. ഫസ്റ്റ് ഡെ ഫസ്റ്റ് ഷോയ്‌ക്ക് മുൻപ് വലിയ ആഘോഷങ്ങളും ആരവങ്ങളുമായി ആരാധകർ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയിട്ടുണ്ടാകും. ചിലർ പാലഭിഷേകം നടത്തിയും സ്‌നേഹപ്രകടനം നടത്താറുണ്ട്.
എന്നാൽ തെന്നിന്ത്യൻ താരമായ ധനുഷിന്റെ സിനിമ റിലീസിന് മുന്നോടിയായി ആരാധകർ കാണിച്ചുകൂട്ടിയ പ്രവൃത്തികൾ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയുടെ പോസ്റ്ററിൽ ബിയർ ഒഴിച്ചാണ് ആരാധകരുടെ ആഹ്ളാദപ്രകടനം. പുതിയ ചിത്രം നാനേ വരുവേൻ റിലീസിനോട് അനുബന്ധിച്ചാണ് ആഘോഷപരിപാടികൾ നടന്നത്.
ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മൂന്ന് പേർ നിന്ന് പോസ്റ്ററിൽ ബിയർ ഒഴിക്കുന്നത് കാണാനാകും. സാധാരണയായി നടത്താറുള്ള പാലഭിഷേകത്തിന് പകരമായാണ് ബിയർ അഭിഷേകം നടത്തിയത്. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പൊതു സമൂഹത്തിന് മുന്നിൽ വെച്ച് നടത്തിയ പ്രവൃത്തികൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
Comments