തൃശൂർ : പേവിഷബാധ ലക്ഷണങ്ങൾ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ. എച്ചിപ്പാറ ചക്കുങ്ങൽ അബ്ദുള്ളയുടെ പശുവാണ് ചത്തത്. തൃശൂർ പാലപ്പിള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം മുതലാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ പശു പ്രകടിപ്പിച്ച് തുടങ്ങിയത്. കുറച്ച് ദിവസം മുൻപ് പേവിഷ ബാധയെ തുടർന്ന് ഒരു പട്ടിയും പശുവും ചത്തിരുന്നു.
സംസ്ഥാനത്ത് ഓരോ ദിവസം റിപ്പോർട്ട് ചെയ്യുന്ന തെരുവുനായ ആക്രമണങ്ങൾ വർദ്ധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് ചികിത്സ തേടിയെത്തിയ യുവതിക്ക് ആശുപത്രിക്കകത്ത് വച്ച് തെരുവുനായയുടെ കടിയേറ്റിരുന്നു. ചപ്പാത്ത് സ്വദേശി അപർണയ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. പിന്നാലെ യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
തെരുവുനായകളുടെ ശല്യം തടയുന്നതിനായി സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും തന്നെ ഫലവത്താകുന്നില്ലെന്നതാണ് സത്യം. ഈ സാഹചര്യത്തിൽ നായകളുടെ അക്രമത്തിനെതിരെ ജനങ്ങൾ തന്നെ രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസം ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു . ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടെത്തിയത് . വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.
Comments