തിരുവനന്തപുരം; ഗവർണർക്ക് മുന്നിൽ മുട്ടുമടക്കി കേരളസർവ്വകലാശാല വിസി ഡോ.മഹാദേവൻ പിള്ള. സെനറ്റ് യോഗം വിളിക്കാമെന്ന് വിസി ഗവർണറെ അറിയിച്ചു. ഈ മാസം 11 നുള്ളിൽ യോഗം ചേർന്നില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും സെനറ്റ് പിരിച്ചുവിടുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു.
കേരള സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട് സെനറ്റ് യോഗം വിളിച്ചു ചേർക്കാനാവില്ലെന്നായിരുന്നു വിസിയുടെ നേരത്തെയുള്ള നിലപാട്. ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് ഒക്ടോബർ 26 ന് മുൻപ് അറിയിക്കാൻ ഗവർണറുടെ ഓഫീസ് കേരള വിസിക്ക് നിർദേശം നൽകിയിരുന്നു.
പ്രതിനിധിയെ നൽകിയാലും ഇല്ലെങ്കിലും സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. സെനറ്റ് പ്രതിനിധിയെ ആവശ്യപ്പെട്ട് ഗവർണർ സർവ്വകലാശാലയ്‌ക്ക് അയച്ച അഞ്ചാമത്തെ കത്തായിരുന്നു അത്.
ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സ്റ്റാൻഡിംഗ് കൗൺസിലിന്റെ നിയമോപദേശം സഹിതം വി.സി തിങ്കളാഴ്ച കത്ത് നൽകിയിരുന്നു. സെർച്ച്കമ്മിറ്റി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്നും വി.സിയുടെ ചോദ്യത്തിന് ഗവർണർ മറുപടി നൽകില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.
















Comments