ന്യൂഡൽഹി: ഇന്ത്യയിൽ 5ജി സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞതോടെ സാങ്കേതിക വിദ്യയിൽ പുതിയ യുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് 5ജിയുടെ പ്രത്യേകത. 5 ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാർ ഡൽഹിയിലിരുന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
മൊബൈൽ കോൺഗ്രസിലെ എറിക്സൺ ബൂത്തിൽ ഇരുന്നാണ് സ്വീഡനിലുള്ള കാർ അദ്ദേഹം ഓടിച്ചത്. 5 ജി സാങ്കേതിക വിദ്യയുടെ സഹായത്താലാണ് സ്വീഡനിലുള്ള കാറിന്റെ നിയന്ത്രണം അദ്ദേഹത്തിന് നമ്മുടെ രാജ്യത്തിരുന്ന് കൈകാര്യം ചെയ്യാനായത്. പ്രസാർ ഭാരതി ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.
വേഗവും ശേഷിയും കൂടിയ റേഡിയോ തരംഗമാണ് 5ജി. ഇതിന്റെ ഗുണം നിത്യജീവിതത്തിലാണ് പ്രതിഫലിക്കാൻ പോകുന്നത്. നമ്മുടെ ഫോണുകളിലെയും കമ്പ്യൂട്ടറുകളുടെയും നെറ്റ് വർക്കിന്റെ ഇഴച്ചിൽ ഇനി സ്വപ്നം മാത്രമാകുന്ന കാലമാണ് വന്നിരിക്കുന്നത്. 5 മില്ലി സെക്കന്റിൽ താഴെ വേഗത്തിൽ നമുക്ക് സെർച്ച് ചെയ്ത കാര്യങ്ങൾ വിരൽ തുമ്പിൽ ലഭിക്കും. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോകൾ നമുക്ക് ആറ് സെക്കന്റ് കൊണ്ട് ഡൗൺലോഡ് ചെയ്തെടുക്കാം. നെറ്റ് സ്പീഡ് കൂടുന്നതോടെ, വിദ്യാഭ്യാസം, ആരോഗ്യം,കൃഷി, ഗതാഗതം തുടങ്ങി സമസ്ത മേഖലയിലും മാറ്റം വരും.
Comments