ഭക്ഷണത്തിൽ ഇഞ്ചിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് നമ്മൾ മലയാളികൾ. ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഇത് ഉത്തമ പരിഹാരമാണ്. എന്നാൽ ഇഞ്ചിയും മറ്റ് അത്ഭുതകരമായ ഗുണങ്ങൾ പലർക്കും അറിയില്ല. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയൻസും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി നല്ലൊരു ഔഷധം കൂടിയാണ്. മുടി വളരാനും മുടിയഴക് വർദ്ധിപ്പിക്കാനും ഇഞ്ചിക്ക് സാധിക്കും.
അടുക്കളയിൽ ഉപയോഗിക്കുന്ന ഇഞ്ചിക്ക് മുടിയിൽ എന്ത് കാര്യം എന്ന് പലരും ചിന്തിച്ചുപോകും. എന്നാൽ മുടിയ്‌ക്ക് ആവശ്യമുള്ള പലതും ഇഞ്ചയിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. താരൻ മാറാനും മുടിയുടെ തുമ്പ് പിളരുന്നതിനും പരിഹാരമായി ഇഞ്ചി ഉപയോഗിക്കാനാകും. ഇഞ്ചി എണ്ണയുടെ കൂടെ തേയ്‌ക്കുന്നതും വളരെ നല്ലതാണ്.
ശുദ്ധമായ വെളിച്ചെണ്ണയിൽ ഇഞ്ചിനീര് ചേർത്ത് തേയ്‌ക്കാം. വെള്ളം ചേർക്കാതെ ഇഞ്ചി നന്നായി അരച്ചെടുക്കണം. ഇതിലേക്ക് അൽപം വെളിച്ചെണ്ണ ചേർത്ത് നല്ലതുപോലെ ഇളക്കാം. തുടർന്ന് ഇത് തലയിൽ തേച്ച് പത്ത് മിനിറ്റോളം മസാജ് ചെയ്യാം. ശിരോചർമ്മത്തിലും, മുടിയുടെ തുമ്പ് പിളരുന്നുണ്ടെങ്കിൽ അവിടെയും പുരട്ടാം. അര മണിക്കൂറിന് ശേഷം താളിയോ പ്രകൃതിദത്തമായ ഷാംപുവോ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
ശരീരഭാരം കുറയ്‌ക്കാനും ഇഞ്ചി നല്ലതാണ്. വണ്ണം കുറയ്‌ക്കാൻ നാരങ്ങ നീരിൽ ഇഞ്ചി ചേർത്ത് കഴിക്കാവുന്നതാണ്. ഇഞ്ചി ചായയിലേക്കോ ഇഞ്ചി തിളപ്പിച്ച വെളളത്തിലേക്കോ രണ്ട് സ്പൂൺ നാരങ്ങ നീര് ചേർക്കുന്നത് കലോറി കുറയ്‌ക്കാനും കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താനും സഹായിക്കും. ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ഈ പാനീയം കുടിക്കാവുന്നതാണ്. ജിഞ്ചർ ജ്യൂസ് കുടിക്കുന്നതും ആരോഗ്യപ്രദമാണ്. നാരങ്ങ, തേൻ, വെള്ളം അങ്ങനെ എന്ത് വേണമെങ്കിലും ജിഞ്ചർ ജ്യൂസിനൊപ്പം ചേർക്കാം.
















Comments