ബ്രഡ്ഡിൽ പുരട്ടി കഴിക്കാൻ വിവിധ തരം ജാമുകളും മറ്റും നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ബ്രഡ്ഡിൽ പുരട്ടാനും പ്രഭാത ഭക്ഷണത്തിനൊപ്പം ചേർക്കാനും പലരും താൽപര്യപ്പെടുന്ന ഒന്നാണ് പീനട്ട് ബട്ടർ. മിക്കവരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇന്ന് പീനട്ട് ബട്ടർ മാറിക്കഴിഞ്ഞു. ചപ്പാത്തിയിൽ പീനട്ട് ബട്ടർ പുരട്ടി കഴിക്കുന്നവരും പാലിൽ കലക്കി കുടിക്കുന്നവരുമെല്ലാം ഇന്ന് നമുക്കിടയിലുണ്ട്. നിരവധി പോഷക ഗുണങ്ങൾ ഉണ്ടെന്നതാണ് പീനട്ട് ബട്ടറിന്റെ പ്രത്യേകത. എന്നാൽ ഇവ നിത്യജീവിതത്തിന്റെ ഭാഗമാക്കിയാൽ ചില ദൂഷ്യഫലങ്ങളും നാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പീനട്ട് ബട്ടർ അമിതമായി കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ ഇവയാണ്..
ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു: പീനട്ട് ബട്ടറിൽ ഒമേഗ-6 അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഹാനീകരമാണ്. ഒമേഗ-6 പരിമിതമായ അളവിൽ മാത്രമേ ശരീരത്തിന് ആരോഗ്യകരമാകൂ. ശരീരത്തിലെ ഒമേഗ -3ന്റെ അളവിനേക്കാൾ ഒമേഗ -6ന്റെ അളവ് കവിയുമ്പോൾ അത് വിവിധതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ശരീരഭാരം വർദ്ധിപ്പിക്കാൻ ഇടയാക്കും: പീനട്ട് ബട്ടറിൽ കലോറിയുടെ അളവ് കൂടുതലാണ്. അതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. ദിവസവും പീനട്ട് ബട്ടർ കഴിക്കുന്നവർ അതിന്റെ അളവ് പരിമിതപ്പെടുത്തി കഴിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്.
നെഞ്ചെരിച്ചിലിന് ഇടവരുത്തും: പീനട്ട് ബട്ടറിൽ കൊഴുപ്പ് കൂടുതലായതിനാൽ അമിതമായി കഴിക്കുമ്പോൾ നെഞ്ചെരിച്ചിൽ ഉണ്ടായേക്കാം. ഇവ കഴിച്ചതിന് പിന്നാലെ അന്നനാളത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കപ്പെടാമെന്നും ഇത് നെഞ്ചെരിച്ചിലിലേക്ക് നയിക്കുന്നുവെന്നുമാണ് പറയപ്പെടുന്നത്.
പീനട്ട് ബട്ടർ ചിലരിൽ ദഹനപ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. ആദ്യമായി പീനട്ട് ബട്ടർ കഴിക്കുന്നവർ കൂടിയ അളവിൽ കഴിച്ചാൽ വലിയ തോതിലുള്ള ദഹന പ്രശ്‌നങ്ങൾ സംഭവിക്കാവുന്നതാണ്. വളരെയധികം കൊഴുപ്പടങ്ങിയിരിക്കുന്നതിനാൽ പീനട്ട് ബട്ടർ ദഹിക്കാൻ ചിലരിൽ ഏറെ സമയം ആവശ്യമായി വരുന്നു. അതേസമയം ഒന്നോ രണ്ടോ ടേബിൾ സ്പൂൺ പീനട്ട് ബട്ടർ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിനെ ദോഷകരമായി ബാധിക്കുകയില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
Comments