മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് വീണ്ടും കനത്ത പ്രഹരം നൽകി ശിവസേന പ്രവർത്തകർ. മുംബൈയിലെ വർളി മേഖലയിൽ നിന്നും മൂവായിരത്തോളം ശിവസേന പ്രവർത്തകർ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ക്യാമ്പിലെത്തി.
ബോംബെ ഹൈക്കോടതിയിൽ നിന്നും പ്രത്യേക അനുവാദം തേടി ദസ്സറ റാലി നടത്താൻ തയ്യാറെടുക്കവെയാണ് ഉദ്ധവ് താക്കറെയ്‌ക്ക് കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്. ആദിത്യ താക്കറെയുടെ നിയോജക മണ്ഡലത്തിൽ നിന്നുമുള്ള ഈ ചുവടുമാറ്റം ഉദ്ധവ് പക്ഷത്തിന് വലിയ നാണക്കേടായിരിക്കുകയാണ്.
ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഷിൻഡെയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് വർളിയിൽ നിന്നുള്ള പ്രവർത്തകർ ഐക്യദാർഡ്യം അറിയിച്ചത്. അതേസമയം യഥാർത്ഥ ശിവസേന ഏതെന്ന കാര്യത്തിൽ നിയമപോരാട്ടം തുടരുകയാണ്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ തടയാൻ താക്കറെ പക്ഷം സമർപ്പിച്ച ഇടക്കാല അപേക്ഷ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Comments