ഇടുക്കി: കേരളത്തിൽ മലയാളികൾ പണിയെടുക്കുന്നില്ലെന്ന് എംഎം മണി എംഎൽഎ. ഹിന്ദിക്കാരെ കൊണ്ട് പണിയെടുപ്പിക്കാനാണ് ഇവർക്ക് താത്പര്യം. വിവിധ ഭാഷാ തൊഴിലാളികളുടെ ഗൾഫ് ആണ് കേരളം എന്നും മണി പറഞ്ഞു.
ഉത്തരേന്ത്യയിൽ ഭരണകൂടം നടപ്പിലാക്കുന്നത് ജനവിരുദ്ധ നയങ്ങളാണ്. അതുകൊണ്ടാണ് ആളുകൾ ജോലിക്കായി എത്തുന്നത്. അവിടെയൊന്നും ആർക്കും ജോലിയില്ല. അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നില്ല. നമ്മുടെ അതിഥികളാണ് ഇവർ. അതുകൊണ്ടാണ് മുഖ്യമന്ത്രി അവരെ വിവിധ ഭാഷാ തൊഴിലാളികൾ എന്ന് വിളിക്കുന്നതെന്ന് മണി കൂട്ടിച്ചേർത്തു.
എന്നാൽ കേരളത്തിൽ വ്യാപകമായി വിവിധ ഭാഷാ തൊഴിലാളികൾ എത്തുന്നത് ചില പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മണി വ്യക്തമാക്കി. ഹിന്ദിക്കാർ വന്നതോടെ മലയാളികൾ ഒരു ജോലിയും ചെയ്യാതെയായി. പണിയെടുപ്പിക്കുകയാണ് ഇപ്പോൾ മലയാളികൾ ചെയ്യുന്നത്. ഇവിടെ മാന്യമായ പെരുമാറ്റവും ആണ് വിവിധ ഭാഷാ തൊഴിലാളികൾക്ക് ലഭിക്കുന്നത്. പലരും വിമാനത്തിലാണ് ഇടുക്കിയിൽ പണിക്ക് വരുന്നതെന്നും മണി കൂട്ടിച്ചേർത്തു.
Comments