നേപ്പിഡോ: വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ ഗ്രൗണ്ടിൽ നിന്നും ഉതിർത്ത വെടിയേറ്റ് യാത്രക്കാരന് ഗുരുതര പരിക്ക്. മ്യാൻമർ നാഷണൽ എയർലൈൻസിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് വെടിയേറ്റത്. വിമാനത്തിന്റെ ഫ്യൂസ് ലേജിലൂടെ ബുള്ളറ്റ് തുളച്ചുകയറുകയായിരുന്നു.
മ്യാൻമറിലെ ലോയ്‌ക്കാവ് എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തതായി എയർലൈൻ അധികൃതർ അറിയിച്ചു.
വെടിയേൽക്കുമ്പോൾ 3,500 അടി ഉയരത്തിലാണ് വിമാനം പറന്നിരുന്നത്. എയർപോർട്ടിൽ നിന്നും ഏതാണ്ട് നാല് മൈലുകൾ അകലെയാണിത്. രാജ്യത്തെ വിമത സംഘം നടത്തിയ ആക്രമണത്തിനിടെയാണ് വിമാനത്തിന് വെടിയേറ്റതെന്ന് മ്യാൻമർ സർക്കാർ പറയുന്നു. മ്യാൻമറിലെ കയ എന്ന സംസ്ഥാനത്താണ് ആക്രമണം നടന്നത്. ഇതിന് പിന്നിൽ വിമത സംഘമായ കെഎൻപി പാർട്ടിയാണെന്നാണ് സർക്കാർ ആരോപണം.
എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം കെഎൻപിപി സെക്രട്ടറി നിരസിച്ചു. പ്രദേശവാസികളെ യാതൊരു കാരണവശാലും ആക്രമണത്തിന് ബലിയാടാക്കരുതെന്ന കർശന നിർദേശം പാർട്ടിയിൽ നൽകിയിട്ടുണ്ടെന്ന് വിമത സംഘം മറുപടി നൽകി.
വെടിവെപ്പിൽ മദ്ധ്യവയസ്‌കനായ വ്യക്തിയുടെ കവിളിനാണ് പരിക്കേറ്റത്. ഇത്തരത്തിലുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നും സമാധാനം ആഗ്രഹിക്കുന്ന മ്യാൻമറിലെ ജനതയും വിവിധ സംഘടനകളും ഈ ആക്രമണത്തെ അപലപിക്കണമെന്നും മേജർ ജനറൽ സോ മിൻ ടുൻ പ്രതികരിച്ചു.
ആങ് സാൻ സൂ കി സർക്കാരിനെ അട്ടിമറിച്ച് 2021-ൽ സൈന്യം അധികാരം പിടിച്ചെടുത്തത് മുതൽ മ്യാൻമറിലെ സൈനികരും രാജ്യത്തെ പല പ്രതിരോധ ഗ്രൂപ്പുകളും തമ്മിൽ പോരാട്ടം തുടരുകയാണ്. ഇതിന് ഏറ്റവും കൂടുതൽ സാക്ഷിയാകുന്ന സംസ്ഥാനമാണ് കയ.
Comments