മുംബൈ: ദസ്സറ റാലി നടക്കാനിരിക്കെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് വധ ഭീഷണി. ചാവേർ ആക്രമണത്തിലൂടെ ഷിൻഡെയെ വകവരുത്തുമെന്നാണ് സംസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചത്. ഫോൺ കോളിലൂടെയാണ് വധഭീഷണിയുണ്ടായതെന്നാണ് വിവരം.
താൻ മന്ത്രിയായിരുന്നപ്പോഴും സമാന രീതിയിലുള്ള വധ ഭീഷണികൾ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നുൾപ്പെടെ ലഭിച്ചിരുന്നതായി ഷിൻഡെ പ്രതികരിച്ചു. ഇത്തരം ഭീഷണികൾ ലഭിച്ച ആദ്യകാലങ്ങളിൽ ഭയന്നിട്ടില്ല. ഇപ്പോഴും ഭയമില്ല. ഭാവിയിലും ഭയമുണ്ടാകുകയില്ല. ആഭ്യന്തര വകുപ്പിൽ പൂർണ വിശ്വാസമുണ്ട്. പോലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വധഭീഷണിയുണ്ടെന്ന് കരുതി ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് നിർത്താൻ തനിക്ക് സാധിക്കില്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി പറഞ്ഞു.
ഇത് സുരക്ഷയുമായി സംബന്ധിക്കുന്ന ഒരു പ്രശ്‌നമാണ്. ആഭ്യന്തരമന്ത്രിയും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ക്രമസമാധാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കെൽപ്പുള്ളയാളാണ്. ആഭ്യന്തര വകുപ്പ് വേണ്ടത്ര ജാഗ്രത സ്വീകരിച്ചിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും ശ്രമത്തിന് മുതിരുന്നുണ്ടെങ്കിൽ അത് പരാജയപ്പെടുകയേയുള്ളൂവെന്നും ഷിൻഡെ വ്യക്തമാക്കി.
മുംബൈയിലെ മലബാർ ഹില്ലിൽ ഉള്ള വർഷ വസതിയിലും താനെയിലുള്ള ഷിൻഡെയുടെ സ്വകാര്യ വസതിയിലും പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഷിൻഡെയ്‌ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Comments