പ്ലാസ്റ്റിക്കുകളിൽ നിന്ന് നാനോ വജ്രങ്ങളുണ്ടാക്കി ശാസ്ത്രജ്ഞർ. ജർമനിയിലെ റോസൻഡോർഫിലെ ഹെംഹോൽറ്റ്‌സ് സെൻട്രം ഡ്രെസ്ഡൻ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടേതാണ് കണ്ടെത്തൽ. അതിശക്തമായ ലേസറുകളുടെ സഹായത്തോടെയാണ് വജ്രം ഉണ്ടാക്കിയത്. ഒരു മീറ്ററിന്റെ 100 കോടിയിൽ ഒരംശം മാത്രം വലിപ്പമുള്ള നാനോ ഡയമണ്ടുകളാണ് ശാസ്ത്രസംഘം ഉണ്ടാക്കിയത്. വളരെ കുറച്ച് നാനോമീറ്ററുകൾ മാത്രമാണ് ഇവയ്‌ക്ക് വലിപ്പമുണ്ടാവുക.
ലോകം നേരിടുന്ന വലിയൊരു പ്രശ്‌നമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാനും ഇത് സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലും സാധാരണയായി ഉപയോഗിക്കുന്ന പോളിത്തലീൻ ടെറാഫ്താലേറ്റ് എന്ന വസ്തുവാണ് ശാസ്ത്രജ്ഞർ ഗവേഷണത്തിനായി ഉപയോഗിച്ചത്. ഇതിനുള്ളിലേക്ക് അതിശക്തമായ ലേസറുകൾ കടത്തി വിട്ടു. ഇതുവഴി 6000 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലേക്കാണ് പ്ലാസ്റ്റിക് എത്തിയത്. നിമിഷങ്ങൾക്കുള്ളിൽ അന്തരീക്ഷ മർദ്ദത്തിന്റെ ദശലക്ഷക്കണക്കിന് അളവിലുള്ള മർദ്ദം ഉടലെടുത്തു. വളരെ കുറച്ച് സമയം മാത്രമാണ് ഇങ്ങനെ ഉണ്ടായത്. പിന്നാലെ പ്ലാസ്റ്റിക്കിലെ കാർബൺ ആറ്റത്തിന്റെ ഘടന മാറി നാനോ വജ്രങ്ങളായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.
വജ്രം ഉണ്ടാക്കിയതിന് പുറമെ പ്രത്യേക തരം ജലത്തിന്റെ സാന്നിധ്യവും ശാസ്ത്രജ്ഞർ കണ്ടെത്തി. ഹൈഡ്രജൻ ഓക്‌സിജൻ ആറ്റങ്ങൾ സൂപ്പർ അയോണിക് വാട്ടർ ഐസ് എന്ന ജലരൂപമായി മാറി. ഇത്തരം വെള്ളം യുറാനസിലും നെപ്റ്റിയൂണിലും ഉണ്ടെന്നും, ഗ്രഹങ്ങളുടെ ഉയർന്ന കാന്തിക മണ്ഡലത്തിന് ഇതാകാം കാരണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
Comments