ടെഹ്‌റാൻ : ഹിജാബ് നിയമങ്ങൾ ലംഘിച്ചതിന് 22 കാരിയായ യുവതിയെ സദാചാര പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ വാർത്തകൾ ദിവസങ്ങൾക്ക് മുൻപ് ഇറാനിൽ നിന്ന് പുറത്തുവന്നിരുന്നു. മഹ്‌സ അമിനി എന്ന യുവതിയാണ് പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ച് നിരവധി പേർ രംഗത്തെത്തി. മുടി മുറിച്ചും ഹിജാബ് കത്തിച്ചുമാണ് സ്ത്രീകൾ പ്രതിഷേധത്തിന് പിന്തുണയറിയിച്ചത്. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റൊരു പെൺകുട്ടിയും ഇത്തരത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ടു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
17 കാരിയായ നിക ശകറാമിയാണ് ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ ക്രൂരതയ്‌ക്ക് ഇരയായത്. സെപ്റ്റംബർ 20 ന് നടന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ പെൺകുട്ടി പങ്കെടുത്തിരുന്നു. നിർഭയയായ പെൺകുട്ടി ഇസ്ലാമിക ക്രൂരതയ്‌ക്കെതിരെ ഉറക്കെ മുദ്രാവാക്യങ്ങൾ വിളിക്കുകയും പോരാടുകയും ചെയ്തിരുന്നു. തുടർന്നാണ് നികയെ കാണാതായത്.
ഏറെ നാളുകൾക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് തിരികെ നൽകി. മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം എന്നാണ് കുടുംബം പറയുന്നത്. മൂക്ക് അടിച്ച് തകർത്തിരുന്നു. തലയോട്ടിയും തല്ലി തകർത്ത നിലയിലായിരുന്നു.
പ്രതിഷേധത്തിൽ പങ്കെടുത്ത പെൺകുട്ടിയെ പോലീസ് പിടികൂടി തടങ്കലിൽ വെച്ചിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. താൻ ഇവിടെ നിന്ന് രക്ഷപ്പെടാനൊരുങ്ങുകയാണ് എന്ന് അവസാനത്തെ കോളിൽ പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇതറിഞ്ഞ പെൺകുട്ടിയുടെ കുടുംബം എല്ലാ ജയിലുകളിലും തടങ്കൽ കേന്ദ്രങ്ങളിലും പോലീസ് സ്‌റ്റേഷനുകളിലും തിരഞ്ഞു. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല. കാഹ്‌റിസാക് ഫോറൻസിക്‌സിൽ പോലും ഇവർ പെൺകുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് കഴിഞ്ഞ 29 നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകിയത്. കാഹ്‌റിസാക് ഫോറൻസിക്‌സിൽ നിന്നും മൃതദേഹം കണ്ടെത്തിയെന്നാണ് ഇവർ കുടുംബത്തെ അറിയിച്ചത്.
ഇത് നിക തന്നെയാണോ എന്ന് തിരിച്ചറിയാൻ വേണ്ടി കുടുംബത്തെ വിളിപ്പിച്ചെങ്കിലും പെൺകുട്ടിയുടെ മുഖം തുറന്നുകാണിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ശരീര ഭാഗങ്ങൾ കണ്ടാണ് കുടുംബം നിക തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.
കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് യുവതി കൊല്ലപ്പെട്ടത് എന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാൽ ഇത് സത്യമാണെന്ന് വിശ്വസിക്കാൻ കുടുംബം തയ്യാറായിട്ടില്ല. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റ് പ്രചാരണങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ വെളിപ്പെടുത്തുന്നു.
അതേസമയം ഇറാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധം 31 പ്രവിശ്യകളിലെ 164 നഗരങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ഏകദേശം 15,000 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വെച്ചിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇറാൻ ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 83 പേരെങ്കിലും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഏകദേശം 60 പേർ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി പുറത്തുവിടുന്ന കണക്ക്.
















Comments