ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ ആദ്യ ബാച്ച് ഇനി പ്രചണ്ഡ് എന്ന് അറിയപ്പെടും. ജോധ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്‌ക്ക് കൈമാറിയത്. രാജ്നാഥ് സിംഗിന് പുറമെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ വിആർ ചൗധരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രതിരോധ രംഗത്തെ ഉത്പാദനത്തിൽ ഇന്ത്യയുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന സുപ്രധാന സന്ദർഭമാണിതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിതീവ്രം, അത്യുഗ്രം എന്നാണ് പ്രചണ്ഡ് എന്ന വാക്കിന് അർത്ഥം. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും, ടാങ്കുകൾ, ബങ്കറുകൾ, ഡ്രോണുകൾ, എന്നിവയെ ആക്രമിക്കാൻ ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് ഹെലികോപ്റ്റർ നിർമ്മിച്ചിരിക്കുന്നത്. യുദ്ധമുഖങ്ങളിൽ ഇന്ത്യയ്‌ക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 5000 മീറ്റർ (16,400) അടി ഉയരത്തിൽ വരെ സുഗമമായി പറക്കാൻ ഇവയ്‌ക്കാകും. 5.8 ടൺ ഭാരമുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററുകളാണ് ഇവ. ഏത് കാലാവസ്ഥയിലും പൊരുതി നിൽക്കാൻ ഇവയ്‌ക്കാകും. അത്യാധുനിക സംവിധാനങ്ങളാണ് ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നതെന്നും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് അറിയിച്ചു.
Comments