ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ തകരാറിലായ ലിഫ്റ്റിൽ കയറാൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥി മരിച്ചു. ജയ്പൂരിലെ അജ്മീർ റോഡിൽ സ്ഥിതിചെയ്യുന്ന മൈഹവേലി അപ്പാർട്ട്മെന്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
വാരാണസി സ്വദേശിയും മണിപ്പാൽ സർവകലാശാലയിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ കുശാഗ്ര മിശ്രയാണ് മരിച്ചത്. അജ്മീർ റോഡിലെ അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് താമസിച്ചായിരുന്നു കുശാഗ്ര കോളേജിൽ പോയിരുന്നത്.
11-ാം നിലയിൽ നിന്ന് താഴേക്ക് പോകാൻ ലിഫ്റ്റിന് സമീപം എത്തിയ വിദ്യാർത്ഥി ബട്ടൺ അമർത്തി. ലിഫ്റ്റ് തുറന്ന് വന്നപ്പോൾ അകത്ത് കയറിയതും വിദ്യാർത്ഥി താഴേക്ക് വീഴുകയായിരുന്നു. ഒഴിഞ്ഞ് ലിഫ്റ്റായിരുന്നുവെന്ന വിവരം കുശാഗ്ര ശ്രദ്ധിച്ചിരുന്നില്ല. തുടർന്നാണ് മരണം സംഭവിച്ചത്. അപകടത്തിന് പിന്നാലെ അപ്പാർട്ട്‌മെന്റിലെ താമസക്കാർ കെട്ടിടഉടമയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.
Comments