തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി. മത്സരത്തിൽ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് പിന്തുണ നൽകുമെന്ന് കെ. സുധാകരൻ വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് കെപിസിസിയുടെ തീരുമാനം.
ശശി തരൂർ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ കലഹം രൂക്ഷമായിരുന്നു. എന്നാലിപ്പോൾ കേരളത്തിന്റെ പിന്തുണ തരൂരിന് ഇല്ലെന്ന് ഏറെക്കുറെ ഉറപ്പായി. മുതിർന്ന നേതാക്കളായ എ.കെ ആന്റണിയും വി.ഡി സതീശനും രമേശ് ചെന്നിത്തലയും ശശി തരൂരിനെ പിന്തുണയ്‌ക്കില്ലെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. മനസാക്ഷി വോട്ടിനാണ് ആഹ്വാനം ചെയ്യുന്നതെന്ന സുധാകരന്റെ പ്രസ്താവനയ്‌ക്ക് ശേഷമാണ് തരൂരിന് പിന്തുണയില്ലെന്ന് സുധാകരൻ തന്നെ വ്യക്തമാക്കിയത്. ഇതോടെ കെപിസിസിയുടെ ഔദ്യോഗിക നിലപാടും ഇതുതന്നെയാണെന്ന് വ്യക്തമായിരിക്കുകയാണ്.
സോണിയ, രാഹുൽ, പ്രിയങ്ക എന്നീ കോൺഗ്രസ് നേതാക്കളുടെ താൽപര്യം അനുസരിച്ച് തീരുമാനിച്ച സ്ഥാനാർത്ഥിയായ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് പൂർണമായും പിന്തുണ നൽകുകയെന്ന നയമാണ് കേരളത്തിലെ പ്രധാന കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ മറുഭാഗത്ത് യുവ നേതാക്കൾ ശശി തരൂരിനെ പിന്തുണയ്‌ക്കുമെന്ന് പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കെ.എസ് ശബരിനാഥൻ, മാത്യു കുഴൽനാടൻ, ഹൈബി ഈഡൻ തുടങ്ങിയവർ തരൂരിന് അനുകൂലമാണ്. അതേസമയം യുവനേതാക്കളെ കൂടി തങ്ങളുടെ പക്ഷത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ. ഇതിനിടെ ഖാർഗെ ദളിതനാണെന്നും തരൂർ സവർണ ഹിന്ദുവാണെന്നുമുള്ള നിലപാട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ സ്വീകരിച്ചതിനെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വിമർശനവും ഉയരുന്നുണ്ട്.
















Comments