മൈസൂരു: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കേരളം കടന്ന് കർണാടകയിലെത്തിയിട്ടും രാഹുലിന്റെയും കോൺഗ്രസിന്റെയും പതിവുരീതികൾക്ക് മാറ്റമില്ല. കർണാടകയിലെ മിക്ക അമ്പലങ്ങളും പളളികളും സന്ദർശിക്കുന്ന രാഹുൽ മതേതരത്വത്തിന്റെ മറവിൽ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന വിമർശനമാണ് ശക്തമാകുന്നത്.
കർണാടകയിൽ പര്യടനം നടത്തുന്ന യാത്രയ്ക്കിടെ അമ്പലങ്ങളും ക്രിസ്ത്യൻ പളളികളും മസ്ജിദുകളും സന്ദർശിക്കാനാണ് രാഹുൽ കൂടുതൽ സമയവും വിനിയോഗിച്ചത്. സന്ദർശനങ്ങളുടെ ചിത്രങ്ങളും കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ പേജുകൾ വഴി പ്രചരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് യാത്ര മൈസൂരിലെത്തിയത്. ഇവിടെ രാഹുൽ സന്ദർശിച്ചത് അഞ്ചോളം ആരാധനാലയങ്ങളാണ്. ഇതിന് പുറമേ സുട്ടൂർ മഠത്തിലും രാഹുൽ അനുഗ്രഹം വാങ്ങാൻ എത്തി.
മൈസൂരുവിലെ മസ്ജിദ് ഇ അസാമിൽ രാഹുലെത്തി പ്രാർത്ഥിച്ചു. ഇതിന് മുൻപ് മൈസൂരുവിലെ തന്നെ സെന്റ്. ഫിലോമിന പളളിയിലും രാഹുൽ എത്തി. പുരോഹിതൻ നടത്തിയ പ്രത്യേക പ്രാർത്ഥനയിലും രാഹുൽ പങ്കെടുത്തു. ഇവിടുത്തെ കന്യാസ്ത്രീകൾക്കൊപ്പം രാഹുൽ സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും കോൺഗ്രസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചാമുണ്ഡേശ്വരി ക്ഷേത്രത്തിലും രാഹുലെത്തി പ്രാർത്ഥിച്ചിരുന്നു.
ഇതിന് മുൻപ് നഞ്ചൻഗുണ്ടിലെ നഞ്ചുണ്ടേശ്വർ സ്വാമി ക്ഷേത്രത്തിലും രാഹുൽ ദർശനം നടത്തി. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ, കെസി വേണുഗോപാൽ അടക്കമുളള എഐസിസി നേതാക്കൾ തുടങ്ങിയവരും ഓരോ ആരാധനാലയത്തിലും രാഹുലിനൊപ്പം ഉണ്ട്.
Comments