ബോക്‌സോഫീസിൽ ചരിത്രം സൃഷ്ടിക്കുകയാണ് മണി രത്‌നം ചിത്രമായ പിഎസ്-1. കഴിഞ്ഞയാഴ്ച തീയേറ്ററുകളിൽ എത്തിയ ദിനം മുതൽ റെക്കോർഡ് കളക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്. മൂന്ന് ദിവസം കൊണ്ട് 200 കോടി കളക്ഷൻ പൊന്നിയിൻ സെൽവൻ ബോക്‌സോഫീസിൽ നേടിയെന്നാണ് റിപ്പോർട്ട്.
മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം സെപ്റ്റംബർ 30നായിരുന്നു റിലീസിനെത്തിയത്. വിമർശകരുടെ പോലും ഇഷ്ടം പിടിച്ചുപറ്റാൻ പിഎസ് -1ന് കഴിഞ്ഞു. യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഫ്രാൻസ്, യുഎഇ എന്നിവിടങ്ങളിലും ചിത്രം വലിയ കുതിപ്പാണ് നടത്തുന്നതെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ ട്വീറ്റുകൾ സൂചിപ്പിക്കുന്നു.
ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണെന്നതുകൊണ്ട് തന്നെ വലിയ താരനിരയാണ് പൊന്നിയിൻ സെൽവനിലുള്ളത്. ഐശ്വര്യറായ് ബച്ചൻ, ചിയാൻ വിക്രം, തൃഷ, ജയംരവി, കാർത്തി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പ്രകാശ് രാജ്, ജയറാം, പ്രഭു, യുവനടി ഐശ്വര്യലക്ഷ്മി എന്നിവരും കഥാപാത്രങ്ങളായെത്തുന്നുണ്ട്. തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ച് പൊന്നിയിൻ സെൽവൻ പ്രയാണം തുടരുകയാണ്. കേരളത്തിൽ 250ഓളം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിനുണ്ട്.
Comments