വഡോദര: വഡോദരയിലെ സാൽവിയിൽ ഹിന്ദു ക്ഷേത്രത്തിന് സമീപമുണ്ടായ സംഘർഷത്തിൽ 46 പേരെ സാൽവി പോലീസ് അറസ്റ്റ് ചെയ്തു. 40ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തായി സ്ഥാപിച്ചിരുന്ന തൂണുകളിലുള്ള ഹിന്ദു പതാകകൾ മാറ്റി ഇസ്ലാമിന്റെ പതാക സ്ഥാപിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ക്ഷേത്രത്തിന് സമീപമുള്ള പതാകകൾ മാറ്റരുതെന്ന് പറഞ്ഞെങ്കിലും സ്ഥലത്തെത്തിയ മുസ്ലീങ്ങൾ ഇത് വകവയ്‌ക്കാതെ പതാകകൾ മാറ്റാൻ ശ്രമിക്കുകയായിരുന്നു.
തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് 46 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ ആഘോഷവും വരാനുണ്ടെന്ന് പറഞ്ഞാണ് ക്ഷേത്രത്തിന് അടുത്തുള്ള പതാകകൾ മാറ്റാൻ മുസ്ലീങ്ങൾ ശ്രമിച്ചതെന്ന് വഡോദര റൂറൽ പോലീസ് ഉദ്യോഗസ്ഥനായ പി.ആർ പട്ടേൽ പറഞ്ഞു. മുസ്ലീങ്ങൾ സംഘടിച്ച് എത്തിയതോടെ പ്രദേശത്തെ ഹിന്ദുക്കളും ഇവിടേക്ക് പ്രതിഷേധവുമായി എത്തി.
അക്രമിസംഘം കല്ലേറ് നടത്തിയെന്നും, സ്വകാര്യ വാഹനങ്ങളും ഒരു കടയും നശിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇരുകൂട്ടരും സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അന്വേഷണ വിധേയമായി 46 പേരെ അറസ്റ്റ് ചെയ്തത്. സാമുദായിക സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ രണ്ട് വിഭാഗത്തില്‍ പെട്ടവരും ഉണ്ടെന്ന് പി.ആര്‍.പട്ടേല്‍ പറഞ്ഞു.
Comments