തിരുവനന്തപുരം: മഹാനവമി, വിജയദശമി ആശംസകളുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്. ‘അറിവാണ് ആയുധം, അറിവാണ് പൂജ, അറിവാണ് പ്രാർത്ഥന’ എന്ന് കുറിച്ചിരിക്കുന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ ആശംസ. ഏവർക്കും മഹാനവമി, വിജയദശമി ആശംസകളെന്നും വി.ശിവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ആയിരക്കണക്കിന് കുരുന്നുകൾ ഹരിശ്രീ കുറിക്കുന്ന വിജയദശമി നാളെയാണ്(ഒക്ടോബർ 5). കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം നവരാത്രി ഉത്സവത്തിന്റെയും വിദ്യാരംഭത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി. അജ്ഞതയുടെ ഇരുൾ നീക്കി അറിവിന്റെ പ്രകാശം ചൊരിയുന്ന വിജയദശമി പുലരാനുള്ള കാത്തിരിപ്പാണ് ഭക്തർ. മഹാനവമി നാളിൽ ഉപവാസത്തോടുകൂടി വിദ്യാർത്ഥികൾ ദേവിയെ പൂജിക്കുന്നു. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ഈ മൂന്ന് ദിവസങ്ങൾക്കാണ് വിദ്യാ ദേവതയുടെ ആരാധനയിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കപ്പെടുന്നത്. നവരാത്രി കാലത്ത് ഭക്തർ അവരുടെ കർമ്മോപകരണങ്ങൾ ഭക്തിയോടെ പൂജിക്കുന്നു. കുട്ടികൾ തങ്ങളുടെ പഠനവസ്തുക്കൾ പൂജയ്‌ക്ക് വയ്‌ക്കും.
പൂജവെച്ചു കഴിഞ്ഞിൽ എഴുത്തും വായനയുമെല്ലാം വിദ്യാർത്ഥികൾ ഒഴിവാക്കുകയും ദേവീ പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യുന്നു. വിജയദശമി ദിവസമാണ് വിദ്യാരംഭം. കുട്ടികളെ ആദ്യമായി അറിവിന്റെയും അക്ഷരത്തിന്റെയും ലോകത്തിലേക്ക് ആനയിക്കുന്നത് ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് അവരുടെ നാവിൽ സ്വർണ്ണത്താൽ എഴുതികൊണ്ടാണ്. തുടർന്ന് കുട്ടികളെ നെല്ല്, അരി, മണൽ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ മന്ത്രം ഉറക്കെ ഉരുവിട്ടു കൊണ്ട് എഴുതിക്കുന്നു. അറിവിലേക്കുള്ള ആരംഭം എന്ന അർത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിശേഷിപ്പിക്കുന്നത്.
Comments