സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രഭാസ് നായകനായ ആദിപുരുഷ്. ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. എന്നാൽ, വലിയ പ്രതീക്ഷയോടെ എത്തിയ ടീസർ നിരാശപ്പെടുത്തി എന്നാണ് പ്രേക്ഷകർ പ്രതികരിച്ചത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഎഫ്എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. എന്നാൽ, ചിത്രത്തിന്റെ ഗ്രാഫിക്സിനെതിരെ ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കൊച്ചുടിവിയിൽ പ്രദർശിപ്പിക്കുന്ന കാർട്ടൂണുകൾക്ക് ഇതിലും നിലവാരം ഉണ്ടെന്നാണ് വിമർശനം. ഇപ്പോൾ വിമർശനങ്ങൾക്ക് പിന്നാലെ ടീസറിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ഓം റാവത്ത്.
തന്റെ ഇതിഹാസ ചിത്രമായ ആദിപുരുഷിന്റെ ഒരു ചെറിയ ടീസർ പോലും സെൽ ഫോണുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര വലുതാണെന്നാണ് ഓം റാവത്ത് പ്രതികരിച്ചിരിക്കുന്നത്. സിനിമ ഒരു വലിയ മാദ്ധ്യമത്തിന് വേണ്ടി നിർമ്മിച്ചതാണ്. അത് ബിഗ് സ്‌ക്രീനിൽ ആസ്വദിക്കണം. നിങ്ങൾക്ക് ഇത് ഒരു പരിധിവരെ മറ്റ് മാദ്ധ്യമങ്ങളിൽ കാണാം. എന്നാൽ, ഒരു മൊബൈൽ ഫോണിലേയ്‌ക്ക് ഈ സിനിമയെ കൊണ്ടുവരാൻ സാധിക്കില്ല. എനിക്ക് ഇത് നിയന്ത്രിക്കാൻ കഴിയില്ല. ഞാൻ ഒരിക്കലും ഇത് യൂട്യൂബിൽ ഇടില്ല, എന്നാൽ കാലഘട്ടത്തിന്റെ ആവശ്യമാണ് ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുക എന്നത്. വിശാലമായ പ്രേക്ഷക സമൂഹത്തിലേയ്‌ക്ക് എത്തിക്കുക എന്നത് തങ്ങൾക്ക് ആവശ്യമായതിനാലാണ് യൂട്യൂബിൽ ഇറക്കിയത്. സെൽ ഫോണുകളിൽ ഉൾക്കൊള്ളാൻ കഴിയാത്തത്ര വലുതാണ് ആദിപുരുഷിന്റെ വിഎഫ്എക്‌സും സ്കെയിലും ട്രീറ്റ്‌മെന്റും. ഇത് ബിഗ് സ്‌ക്രീനിൽ ഗംഭീരമായി കാണപ്പെടുമെന്നും ഓം റാവത്ത് പറഞ്ഞു.
പീരിയഡ് ആക്ഷൻ ചിത്രമായ തൻഹാജിയ്‌ക്ക് ശേഷം ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ഭഗവാൻ രാമനായി പ്രഭാസ് വേഷമിടുമ്പോൾ രാവണനായി സെയ്ഫ് അലി ഖാനാണ് എത്തുക. സീതയായി കൃതി സനോൻ, ലക്ഷ്മണനായി സണ്ണി സിംഗ്, ഹനുമാൻ ആയി ദേവദത്ത നാഗേ എന്നിവരും വേഷമിടുന്നു. ഇവരെ കൂടാതെ വത്സൽ ഷേത്ത്, സോണാൽ ചൗഹാൻ, തൃപ്തി തോരാദ്മൽ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. രാവണൻ തട്ടികൊണ്ടുപോയ സീത ദേവിയെ രക്ഷിച്ച് തിരികെ എത്തിക്കുന്ന ഭാഗമാണ് ആദിപുരുഷനിൽ ദൃശ്യവത്കരിക്കുന്നത്.
















Comments