ബംഗളൂരു : കർണാടകയിൽ കോൺഗ്രസ് ഭരണകാലത്ത് പോപ്പുലർ ഫ്രണ്ടിനെതിരെ എടുത്ത 175 കേസുകൾ പിൻവലിച്ചതായി റിപ്പോർട്ട്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസുകൾ പിൻവലിച്ചുകൊണ്ട് പോപ്പുലർ ഫ്രണ്ട് അക്രമികളെ വെറുതെ വിട്ടത്. പിഎഫ്‌ഐയെ പ്രകീർത്തിക്കുന്ന തരത്തിലുള്ള പോസ്റ്ററുകളും ഭരണപക്ഷം പ്രദർശിപ്പിച്ചിരുന്നുവെന്ന് കർണാടക റവന്യു മന്ത്രി ആർ അശോക പറഞ്ഞു. ”പിഎഫ്‌ഐ ഭാഗ്യ” എന്ന തരത്തിലുള്ള പോസ്റ്ററുകളും സർക്കാർ തന്നെ പ്രദർശിപ്പിച്ചിരുന്നു.
2009 ൽ ബിജെപി ഭരണകാലത്ത് 1600 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ സർക്കാർ കേസെടുത്തിരുന്നു. ശിവമോഗയിലും മൈസൂരുവിലും കലാപം നടത്താൻ ശ്രമിച്ചതിന് 175 കേസുകളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ അറസ്റ്റിലായ കുറ്റവാളികളെല്ലാം നിരപരാധികളാണെന്ന് കോൺഗ്രസ് എംഎൽഎ തൻവീർ സെയ്ത പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ 2015 ൽ, കേസുകൾ പിൻവലിച്ചുകൊണ്ട് സിദ്ധരാമയ്യ സർക്കാർ പ്രതികളെ വെറുതെ വിടുകയായിരുന്നു. ഡിജിപിയുടെ അഭിപ്രായം പോലും പരിഗണിക്കാതെയായിരുന്നു സർക്കാർ നടപടി.
ബൈക്കിൽ സഞ്ചരിക്കുമ്പോൾ എങ്ങനെ ഒരാളുടെ കഴുത്തറുക്കാം എന്ന് ഇവർക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ബംഗളൂരുവിലെ കെ.ജി.ഹള്ളിയിലും ഡി.ജെ.ഹള്ളിയിലും ചെയ്തതുപോലെ എങ്ങനെ കലാപമുണ്ടാക്കാം എന്നും പരിശീലനം ലഭിച്ചവരാണ് കുടക്, മൈസൂരു, മംഗലാപുരം എന്നിവിടങ്ങളിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എന്ന് ആർ അശോക പറഞ്ഞു. കേരളത്തിൽ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥർ നിയമനടപടികളില്ലാതെ എങ്ങനെ കൊല്ലാമെന്ന് അവർക്ക് പരിശീലനം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്തിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ തങ്ങളാണ് ആവശ്യപ്പെട്ടത് എന്ന് കോൺഗ്രസ് പറയുന്നതെന്ന് ഇത് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ചോദിച്ചു. പിഎഫ്‌ഐക്കെതിരായ കേസുകൾ പിൻവലിച്ചതിന് സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















Comments