രാജ്യത്തെ ഏറ്റവും വലിയ ടെലികോം ദാതാക്കളിൽ ഒരാളായ എയർടെൽ ഇന്ത്യയിൽ 5ജി സേവനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ 5ജി പ്ലസ് സേവനം ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ഭാരതി എയർടെൽ നൽകുന്ന 5ജി സേവനത്തെയാണ് കമ്പനി എയർടെൽ 5ജി പ്ലസ് എന്ന് വിളിക്കുന്നത്. നിലവിൽ എട്ട് നഗരങ്ങളിൽ മാത്രമാണ് സേവനങ്ങൾ ലഭ്യമാകുക. എന്നാൽ ഇത് തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരാണസി എന്നീ 8 നഗരങ്ങളിലാണ് എയർടെൽ 5ജി പ്ലസ് പുറത്തിറക്കുന്നത്. ഈ നഗരങ്ങളിൽ ഘട്ടംഘട്ടമായി സേവനങ്ങൾ ലഭിക്കാൻ തുടങ്ങുന്നതാണ്. വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിൽ 5 ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ (ഐഎംസി) എയർടെൽ പ്രഖ്യാപിച്ചിരുന്നു. 2024 മാർച്ച് ആകുമ്പോഴേക്കും പാൻ-ഇന്ത്യ റോൾഔട്ട് പൂർത്തിയാകുമെന്നാണ് സിഇഒ സുനിൽ മിത്തൽ അറിയിക്കുന്നത്.
യോഗ്യരായ ഉപയോക്താക്കൾ:
മേൽപ്പറഞ്ഞ എട്ട് നഗരങ്ങളിൽ താമസിക്കുന്ന 5ജി സ്മാർട്ട്ഫോണുള്ള എയർടെൽ ഉപഭോക്താക്കൾക്ക് എയർടെൽ 5ജി പ്ലസ് ഉപയോഗിക്കാൻ കഴിയും. ഇന്ത്യയിലെ എല്ലാ 5ജി സ്മാർട്ട്‌ഫോണുകൾക്കും എയർടെൽ 5ജി പ്ലസ് സേവനം ലഭിക്കില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്. സേവനങ്ങൾ ലഭിക്കുന്നതിന്, ഒറിജിനൽ എക്വിപ്‌മെന്റ് മാനുഫാക്‌ച്ചേഴ്‌സ് (OEM) സ്മാർട്ട് ഫോണുകളിൽ 5ജി അപ്‌ഡേറ്റുകൾ ഓവർ-ദി-എയർ ( OTA ) പുറത്തിറക്കേണ്ടതുണ്ട്.
5ജി ഉപയോഗിക്കാൻ പുതിയ സിം ആവശ്യമാണോ?
എയർടെൽ 5ജി സേവനം ഫോണിൽ ഉപയോഗിക്കാൻ പുതിയ സിം ആവശ്യമില്ല. കമ്പനി നേരത്തെ സ്ഥിരീകരിച്ചത് പ്രകാരം 4ജി സിം ഉള്ള ഉപയോക്താക്കൾക്ക് അവരുടെ ഫോണിൽ 5ജി ഉപയോഗിക്കാൻ കഴിയും.
എയർടെൽ 5ജി പ്ലാനുകൾ:
നിലവിൽ എയർടെൽ 5ജി പ്ലാനുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തുടനീളം 5ജി സേവനങ്ങൾ ലഭ്യമാകുന്നതുവരെ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള ഡാറ്റാ പ്ലാനുകളിൽ എയർടെൽ 5ജി പ്ലസ് ആസ്വദിക്കാമെന്ന് കമ്പനി സ്ഥിരീകരിച്ചു.
അതേസമയം റിലയൻസ് ജിയോ രാജ്യത്തെ നാല് നഗരങ്ങളിൽ സേവനം അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹി, കൊൽക്കത്ത, മുംബൈ, വാരാണസി എന്നീ നഗരങ്ങളിലാണ് ജിയോ 5ജി അവതരിപ്പിച്ചത്. കൂടാതെ റിലയൻസ് ജിയോ 5ജി വെൽക്കം ഓഫറും പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം യോഗ്യരായ ഉപയോക്താക്കൾക്ക് 1ജിബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് 5ജി ഡാറ്റയും സൗജന്യമായി ലഭിക്കും.
Comments