വാഹനപ്രേമികൾ ഏറെ കാത്തിരുന്ന മഹീന്ദ്ര XUV300 TGDi ഇന്ത്യൻ വിപണിയിലിറക്കി. വാഹനത്തിന്റെ എക്സ്ഷോറൂം വില 10.35 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ്. ഏറ്റവും പുതിയ മോഡലായ XUV300 പുറത്തിറക്കിയതോടെ മൂന്ന് അത്യാധുനിക പവർട്രെയിനുകളിൽ വാഹനം ലഭ്യമാകും. പുതിയ 1.2 ലിറ്റർ T-GDi ടർബോ-പെട്രോൾ മോട്ടോർ XUV300 ഏറ്റവും ഉയർന്ന സ്പെക് പവർട്രെയിനാണ്. നിലവിലുള്ള 1.2 ടർബോ-പെട്രോൾ, 1.5 ഡീസൽ എഞ്ചിനുകൾക്ക് മുകളിലാണ് പുതിയ മോഡലിന്റെ സ്ഥാനം. W6, W8, W8(O) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്.
മോണോടോൺ W6-പതിപ്പിന്റെ എക്സ്ഷോറും വില 10.35 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. മോണോടോൺ W8-11.65 ലക്ഷം രൂപ, ഡ്യുവൽ ടോൺ W8- 11.80 ലക്ഷം രൂപ, മോണോടോൺ W8(O)- 12.75 ലക്ഷം രൂപ, ഡ്യുവൽ ടോൺ W8(O)- 12.90 ലക്ഷം രൂപ എന്നിങ്ങനെയാണ് വിലവിവരങ്ങൾ. മഹീന്ദ്ര XUV300-ന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ പുതിയ എഞ്ചിൻ തന്നെയാണ്. 5000 ആർപിഎമ്മിൽ 130 പിഎസ് വരെയും 1500-3750 ആർപിഎമ്മിൽ 230 എൻഎം ടോർക്കും വാഹനം ഉൽപ്പാദിക്കുന്നു. ഓവർ-ബൂസ്റ്റ് ഫംഗ്ഷനിൽ ടോർക്ക് ഔട്ട്പുട്ട് 250 എൻഎം ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സുമായി മാത്രമാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. പുതിയ 1.2 L mStallion TGDi എഞ്ചിൻ ഉപയോഗിക്കുന്ന ആദ്യത്തെ മഹീന്ദ്ര എസ്‌യുവിയാണ് XUV300.
XUV300-ന് ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസറിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഒരു ഇലക്ട്രിക് സൺറൂഫ് എന്നിവ കമ്പനി നൽകിയിരിക്കുന്നു. സുരക്ഷയ്‌ക്കായി, ഫ്രണ്ട് പാർട്ടിക്കിംഗ് സെൻസറുകൾ, 6 എയർബാഗുകൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, എബിഎസ് എന്നിവയും വാഹനത്തിന് ലഭിക്കുന്നു. ആറ് നിറങ്ങളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. 5 സെക്കൻഡിനുള്ളിൽ 60 കിലോമീറ്റർ വേഗത കാർ കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
Comments