കട്ടൻ കാപ്പിയുടെ അകമ്പടിയോടെ ദിവസം ആരംഭിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. തുടർന്ന് പ്രഭാത ഭക്ഷണത്തിനൊപ്പവും നാലുമണിയ്‌ക്കുമൊക്കെ കാപ്പി കുടിക്കുന്നത് ശീലമാക്കി മാറ്റിയവരാണ് പലരും. കാപ്പി കുടിക്കുന്നത് ശരീരത്തിന് വളരെയധികം നല്ലതാണെന്ന് പഠനങ്ങൾ തെളിയ്‌ക്കുന്നു.
മഗ്നീഷ്യം, പൊട്ടാസിയം, വിറ്റാമിൻ ഇ തുടങ്ങിയ ലവണങ്ങളാൽ സമ്പുഷ്ടമാണ് കാപ്പി. ദിവസവും രണ്ട് മുതൽ മൂന്ന് വരെ കപ്പ് കാപ്പി കുടിക്കാനാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യും.ചില ക്യാൻസറിനെ പ്രതിരോധിക്കാനും കാപ്പിയ്‌ക്ക് കഴിവുണ്ട്. കൂടാതെ ഏകാഗ്രതയും ഊർജ്ജവും നൽകാൻ കഫീനാകും.
ശരീരത്തിന്റെ വീക്കം കുറയ്‌ക്കാനും കാപ്പിയ്‌ക്കാകും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളാണ് ഇതിന് പിന്നിൽ. കാപ്പി മികച്ച കലോറി ബർണറാണ്. അതിനാൽ ശരീര ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് കാപ്പി മികച്ച ഓപ്ഷനാണ്.
അധികമായാൽ അമൃതും വിഷമെന്ന് പറയുന്നതുപോലെ കാപ്പിയും അധികം കുടിക്കുന്നത് അത്ര നന്നല്ല. അഞ്ച് മുതൽ ഏഴുവരെ കാപ്പി കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഒരു കപ്പ് കാപ്പി ഒരു വ്യക്തിക്ക് ഏകദേശം 100 മില്ലിഗ്രാം കഫീൻ നൽകുന്നു. ലഹരി പദാർത്ഥങ്ങളുടെ പട്ടികയിൽപ്പെട്ട കഫീൻ അധികമായി ഉപയോഗിക്കുന്നത് ലഹരിയ്‌ക്ക് അടിമയാക്കും. ഒരാൾ 2,000 മില്ലിഗ്രാമിലധികം കഫീൻ ഉപയോഗിക്കുന്നത് ശരീരത്തെയും പ്രതികൂലമായി ബാധിക്കും. ഇത് ഹൃദ്‌രോഗങ്ങൾക്കും ഉത്കണ്ഠയ്‌ക്കും കാരണമാകും. സ്ത്രീകളിൽ പ്രത്യുത്പാദന ആരോഗ്യത്തെയും കാര്യമായി ബാധിക്കും.
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. രാവിലെ ആദ്യം കാപ്പി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയും ദഹനപ്രശ്നങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. കാപ്പി വയറ്റിലെ ആസിഡിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ഹാനികരമായ വയറ്റിലെ ആസിഡിന്റെ ഉൽപാദനത്തിലെ വർദ്ധനവ് എന്നിവയ്‌ക്ക് കാരണമാകുന്നു.
മാത്രമല്ല വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് കോർട്ടിസോൾ എന്ന സ്‌ട്രെസ് ഹോർമോൺ വർദ്ധിപ്പിക്കുന്നു. ഇത് അണ്ഡോത്പാദനം, ഭാരം, ഹോർമോൺ ബാലൻസ് എന്നിവയെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം തകരാറിലാകുന്നതിനും കാരണമാകും. അതിനാൽ കഴിവതും വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
















Comments