മുംബൈ: രാജ്യത്ത് വൻ വന്യജീവിക്കടത്ത്. വംശനാശ ഭീഷണി നേരിടുന്ന അറുനൂറിലധികം അപൂർവ്വ ജീവികളെയാണ് കള്ളക്കടത്ത് സംഘം ഇന്ത്യയിലെത്തിച്ചത്. മുംബൈ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഡിആർഐയാണ് വമ്പൻ കള്ളക്കടത്ത് പിടികൂടിയത്.
പിടിച്ചെടുത്തവയിൽ 117 ജീവികളും ചത്ത നിലയിലായിരുന്നു. മലേഷ്യയിൽ നിന്ന് എയർ കാർഗോ വഴിയാണ് വന്യജീവികളെ ഇന്ത്യയിലെത്തിച്ചത്. ആമ, പെരുമ്പാമ്പ്, ഇഗ്വാന, പല്ലി എന്നിവയുൾപ്പെടെ 666 വന്യജീവികളെയാണ് കടത്തിയത്. വിപണിയിൽ ഇവയ്‌ക്ക് മൂന്ന് കോടിയോളം രൂപ വിലമതിക്കുമെന്നാണ് വിവരം. ധാരാവി സ്വദേശിയായ ഇമ്മാനുവേൽ രാജ എന്നയാൾക്ക് വേണ്ടിയായിരുന്നു കള്ളക്കടത്ത് നടത്തിയത്. രാജയെ ഡിആർഐ സംഘം പിടികൂടി.
അക്വേറിയം മത്സ്യങ്ങളെ കൊണ്ടുവന്ന കാർട്ടൂണുകൾക്കിടയിലാണ് വന്യജീവികളെ കടത്തിയത്. ആകെ 30 കാർട്ടൂണുകൾ ഡിആർഐ പിടിച്ചെടുത്തു. ഇവയിൽ 13-ലും പെരുമ്പാമ്പുകളായിരുന്നു. മലേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് വിവിധ കാർട്ടൂണുകളിലായി ഉണ്ടായിരുന്ന 117 ജീവികൾ ചത്തതെന്ന് അധികൃതർ കരുതുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
















Comments