കൊച്ചി:കോളേജിൽ നിന്ന് വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടി.എടത്തല എംഇഎസ് കോളേജിൽ നിന്ന് പുറപ്പെട്ട ‘ എക്‌സ്‌പ്ലോഡ്’ എന്ന ബസാണ് വാഴക്കുളത്ത് വച്ച് പിടികൂടിയത്. ആലുവ ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് ടൂറിസ്റ്റ് ബസ് പിടിച്ചടുത്തത്.
കൊടൈക്കനാലിലേക്കായിരുന്നു യാത്ര.വിനോദ യാത്ര പോകുന്നതിന് മുൻപ് വാഹനങ്ങളുടെ വിവരങ്ങൾ എംവിഡിയ്‌ക്ക് നൽകണമെന്ന് കോളേജിനെ അറിയിച്ചിരുന്നു. അങ്ങനെ നടത്തിയ അടിയന്തര പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
പരിശോധനയിൽ ബസിൽ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തിയതിനാലാണ് വിനോദയാത്ര മുടക്കി ബസ് കൈയ്യോടെ പിടികൂടിയത്. ബസിന്റെ ബോഡിയുടെ നിറം മാറ്റിയെന്നും അനധികൃത കൂട്ടിച്ചേർക്കലുകൾ നടത്തിയെന്നും നിയമവിധേയമല്ലാത്ത ലൈറ്റുകളും ഉയർന്ന ശബ്ദക്രമീകരണങ്ങളും നടത്തിയിരുന്നതായി എംവിഡി വ്യക്തമാക്കി. ബസിന്റെ പെർമിറ്റ് റദ്ദാക്കി. 17,000 രൂപ പിഴ ചുമത്തി.
അതേസമയം ഓപ്പറേഷൻ ഫോക്കസ് 3യുടെ ആദ്യദിനം മാത്രം 1279 കേസുകളാണ് രജിസ്റ്റർ ചെയ്തത്.സ്പീഡ് ഗവേർണർ ഉപയോഗിക്കാത്തതിന് 85 ബസ്സുകൾ പിടികൂടി. അനധികൃത രൂപമാറ്റം നടത്തിയ 68 ബസ്സുകൾക്കെതിരെയും നടപടിയെടുത്തു.രണ്ട് ബസ്സുകളുടെ രജിസ്‌ട്രേഷനും 9 ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കി. 26.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. എട്ടു ബസുകളുടെ ഫിറ്റ്‌നസും റദ്ദാക്കി.
















Comments