ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആരോപണങ്ങൾക്ക് ചുട്ടമറുപടിയുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഒരിക്കൽ കോൺഗ്രസിൽ ജെഡിയു ലയിക്കണമെന്ന് പ്രശാന്ത് കിഷോർ ആഗ്രഹിച്ചിരുന്നുവെന്ന നിതീഷ് കുമാറിന്റെ ആരോപണങ്ങൾക്കാണ് അദ്ദേഹം മറുപടി നൽകിയത്. നിതീഷ് കുമാറിന് വയസേറെയായെന്നും പ്രായമായതിന്റെ ലക്ഷണങ്ങൾ അദ്ദേഹം കാണിക്കാൻ തുടങ്ങിയെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
അയാൾ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നു. പക്ഷെ പറഞ്ഞുവരുമ്പോൾ അത് മറ്റെന്തെങ്കിലുമാകുന്നു. ഇതിനെ ഇംഗ്ലീഷിൽ ഡെല്യൂഷ്ണൽ എന്നാണ് പറയുകയെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
”ഞാൻ ബിജെപിയുടെ അജണ്ടയിൽ പ്രവർത്തിക്കുകയാണെന്ന് ആദ്യം അദ്ദേഹം പറഞ്ഞു. എന്നിട്ട് ഇപ്പോൾ പറയുന്നു അയാളുടെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാൻ ഞാൻ പ്രേരിപ്പിച്ചുവെന്ന്.. രണ്ടും എങ്ങനെ സാധ്യമാകും? ഞാൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ, പിന്നെന്തിനാണ് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞാൻ സംസാരിക്കുന്നത്.” ഇനിയിപ്പോൾ ഒടുവിൽ അദ്ദേഹം നടത്തിയ പ്രസ്താവന ശരിയാണെങ്കിൽ തന്നെ ആദ്യ പ്രസ്താവന തെറ്റാണെന്ന് അംഗീകരിക്കണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
‘നിതീഷ് കുമാറിന് ആശങ്കയാണ്. രാഷ്ട്രീയമായി എവിടെയൊക്കെയോ അദ്ദേഹം ഒറ്റപ്പെടുന്നുണ്ട്. തനിക്ക് വിശ്വസിക്കാൻ കഴിയാത്ത വ്യക്തികളാൽ ചുറ്റപ്പെട്ടാണ് നിതീഷ് കഴിയുന്നത്. ഒരുകയ്യിൽ പ്രായമാതിന്റെ പ്രശ്‌നങ്ങളും മറുകയ്യിൽ ഒറ്റപ്പെടലിന്റെ പ്രയാസങ്ങളുമാണ്. ഈ പരിഭ്രാന്തി മൂലമാണ് നിതീഷ് കുമാർ ഇപ്രകാരം പ്രതികരിക്കുന്നതെന്നും പ്രശാന്ത് കിഷോർ പരിഹസിച്ചു.
Comments