അമിതവണ്ണം കുറയ്‌ക്കാനായി വ്യായാമത്തിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവരാനായി പൈസ പൊടിക്കുന്നവരാണ് ഭൂരിഭാഗം പേരും എന്നാൽ അത് മാത്രം പോരാ, നമ്മുടെ ദിനചര്യയിലും മാറ്റം കൊണ്ടുവന്നാൽ മാത്രമേ വണ്ണം നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ കുറയുകയുള്ളൂ. നമ്മുടെ ഉറക്കത്തിന്റെ അളവ് വണ്ണം കുറയ്‌ക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്ന് പറഞ്ഞാൽ ആർക്കെങ്കിലും വിശ്വസിക്കാനാവുമോ?
വണ്ണമുള്ള ആളുകളിൽ ഭൂരിഭാഗവും ദിവസവും അഞ്ച് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നില്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉറക്കക്കുറവ് ദഹനവ്യവസ്ഥയെപ്പോലും ബാധിക്കുന്നുണ്ട്. ഇത് വണ്ണം വെക്കാൻ കാരണമാകും. മതിയായ ഉറക്കം ലഭിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നതിനുള്ള കാരണങ്ങൾ നോക്കാം
ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്ലീപ്പ് മെഡിസിൻ തലവൻ ഡേവിഡ് റാപ്പോപ്പോർട്ടിന്റെ അഭിപ്രായത്തിൽ ഉറക്കം വിശപ്പു നിയന്ത്രിച്ച് വണ്ണം കുറയ്‌ക്കും.ഉറക്കക്കുറവ് ഉളള ആളുകൾ മറ്റുള്ളവരേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്ന പ്രവണത കാണിക്കുന്നു. ഉറക്കം ഗ്രെലിൻ, ലെപ്റ്റിൻ എന്നിങ്ങനെയുള്ള രണ്ട് പ്രധാന വിശപ്പ് ഹോർമോണുകളെ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തലച്ചോറിൽ വിശപ്പിന്റെ സൂചനകൾ ഗ്രെലിൻ നൽകുന്നു. കൊഴുപ്പ് കോശങ്ങളിൽ നിന്ന് പുറത്തുവരുന്ന ലെപ്റ്റിൻ വിശപ്പിനെ അടിച്ചമർത്തുകയും വയർ നിറഞ്ഞു എന്ന സൂചന തലച്ചോറിന് നൽകുകയും ചെയ്യുന്നു.
വേണ്ടത്ര ഉറക്കം ലഭിക്കാത്തതിനാൽ ശരീരം കൂടുതൽ ഗ്രെലിനും കുറഞ്ഞ ലെപ്റ്റിനും ഉണ്ടാക്കുന്നു, ഇത് നിങ്ങളുടെ വിശപ്പ് വർദ്ധിപ്പിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുവാൻ കാരണമാകുകയും ചെയ്യുന്നു. കൂടാതെ, മതിയായ ഉറക്കം ലഭിക്കാത്തപ്പോൾ കോർട്ടിസോൾ എന്ന നമ്മുടെ ശരീരത്തിൽ ഒരു സമ്മർദ്ദ ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും, ഇത് വിശപ്പ് വർദ്ധിപ്പിക്കാൻ കാരണമാകുകയും ചെയ്യുന്നു. ഉറക്കക്കുറവ് മൂലമുള്ള ക്ഷീണം അനുഭവപ്പെടുന്നത് നിങ്ങളുടെ ശരാശരി കലോറി ഉപഭോഗം പ്രതിദിനം 300 – ഓളം വർദ്ധിപ്പിക്കും.അതായത് ഉറക്കത്തിന്റെ അളവ് കൂട്ടിയാൽ വിശപ്പ് കുറയ്‌ക്കാമെന്നർത്ഥം.
വളരെയധികം ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ ശരീരത്തെ പല തരത്തിൽ സഹായിക്കുന്നു.വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കുകയും മാനസിക നില ഉയർത്തുകയും ചെയ്യും.ശരീരത്തിലെ അപചയപ്രവർത്തനങ്ങൾ നേരായ രീതിയിൽ നടക്കുന്നതിനും നല്ല ഉറക്കം സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്‌ക്കുകയും ചെയ്യും.ഉറക്കം കുറയുന്നത് പ്രമേഹത്തിനു കാരണമാകും. ഉറക്കം കുറഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കും. ഇൻസുലിന്റെ അളവ് കൂട്ടും. ഇത് പ്രമേഹത്തിന് കാരണമാകും. പ്രമേഹം ശരീരഭാരം കൂട്ടുന്നതിന് ഒരു കാരണം തന്നെയാണ്.ഉറക്കക്കുറവ് ഡിപ്രഷനും കാരണമാകുന്നുണ്ട്. ഡിപ്രഷനും ശരീരഭാരം കൂടുന്നതിന് കാരണമാകും. ഉറക്കക്കുറവാണ് ഡിപ്രഷന് കാരണമെങ്കിൽ ആവശ്യത്തിന് ഉറക്കം ലഭിച്ചാൽ ഇത് പരിഹരിക്കാവുന്നതേയുള്ളൂ.
ഉറങ്ങുന്നത് വണ്ണം കുറയ്‌ക്കാൻ നല്ലതാണന്നെ് കരുതി അധികസമയം ഉറങ്ങിത്തീർക്കരുത്. ഇത് കുഴിമടിയുടെ ലക്ഷണമാണ്. കൂടാതെ കൂടുതൽ ഉറങ്ങുന്നത് മൂലം വ്യായാമക്കുറവ് കൊണ്ട് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടും.
Comments